ഇതില്‍ പരിഹസിക്കാനെന്താണുള്ളത്,  അഡല്‍റ്റ് ജോക്സ് എന്ന ഫേസ്ബുക്ക് പേജ് രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജായി മാറിയതെങ്ങനെയെന്ന് വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍.

തിരുവനന്തപുരം: ഇതില്‍ പരിഹസിക്കാനെന്താണുള്ളത്, അഡല്‍റ്റ് ജോക്സ് എന്ന ഫേസ്ബുക്ക് പേജ് രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജായി മാറിയതെങ്ങനെയെന്ന് വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍. 20 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജ് നേരത്തെ അഡല്‍റ്റ് ജോക്സ് എന്നും 18+ ജോക്ക്സ് എന്നും ഉള്ള പേരിലായിരുന്നു ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയടക്കമുള്ളവ്ര‍ ചെയ്യുന്ന കാര്യമാണ് താന്‍ ചെയ്തത്. ഇതില്‍ പുതിയതായി ഒന്നുമില്ലെന്ന് രാഹുല്‍ ഈശ്വര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

'അഡല്‍ട്ട് ജോക്ക്സ്' പേജ് സ്വന്തം പേജാക്കി; 20 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പേജ് വിവാദത്തില്‍

നസ്രിയ അടക്കമുള്ള പല സിനിമാ താരങ്ങളും പ്രധാനമന്ത്രി വരെ ചെയ്യുന്ന കാര്യം മാത്രമാണ് താനും ചെയ്തത്. അതില്‍ പരിഹസിക്കാന്‍ എന്താണുള്ളത്. ശശി തരൂര്‍ അടക്കമുള്ള പ്രമുഖരുടെ പേജുകള്‍ ഒക്കെ നിരവധി പേജുകള്‍ ഒന്നാക്കിയ ശേഷമുള്ള നിലയാണ് ഇപ്പോള്‍ കാണുന്നത്. ഫേസ്ബുക്കിലെ പേജിലെ കാര്യങ്ങള്‍ താന്‍ അല്ല നോക്കുന്നത്. ചില സുഹൃത്തുക്കളാണ് ഫേസ്ബുക്ക് പേജ് ശ്രദ്ധിക്കുന്നതെന്നും രാഹുല്‍ പറയുന്നു. 

പതിനെട്ടിന് മുകളിലുള്ളവര്‍ കേള്‍ക്കുന്ന തമാശകള്‍ അത്ര മോശമാണോ? അങ്ങനെയൊരു അഭിപ്രായം ഇവിടെ ആര്‍ക്കും ഇല്ല. ഇത്തരം തമാശകള്‍ രസിക്കാത്ത അരസികന്മാരാണ് അതിനെ കുറ്റം പറയുന്നത്. എല്ലാ സമയവും സമൂഹമാധ്യമങ്ങള്‍ ഇരുന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിനാല്‍ കുറച്ച് പേരെ ഏല്‍പ്പിച്ചിരിക്കുകയാണ് ഇത്തരം കാര്യങ്ങള്‍. പല പേജുകള്‍ മെര്‍ജ് ചെയ്താണ് പേജ് ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായ ഏതെങ്കിലും പേജ് ആയിരിക്കാം 18+ ജോക്ക്സ്. ഇതു വല്യ പ്രശ്നമുള്ള സംഭവം ഒന്നുമല്ല. പതിനെട്ടിന് മുകളിലുള്ളവര്‍ കൂട്ടുകാരികളോടും സുഹൃത്തുക്കളോടും തമാശ പറയാറില്ലേയെന്നും രാഹുല്‍ ചോദിക്കുന്നു.

കപട സദാചാരവുമായി വരുന്ന പുരോഗമനവാദികള്‍ക്കാണ് ഇതില്‍ പ്രശ്നം. മലയാളി ഹൗസ് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഏറ്റവുമധികം ആക്രമണം ഉണ്ടായത് ഇവരില്‍ നിന്നുമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് പുരോഗമനവാദമൊന്നും വേണ്ട. ഇതൊക്കെ വെറും ഇരട്ടത്താപ്പാണ്. പതിനെട്ടിന് മുകളിലുള്ളവര്‍ പങ്കു വക്കുന്ന നല്ല തമാശകള്‍ ഉണ്ട്. അവ കേള്‍ക്കണം എന്നുമാത്രമേ അവരോട് പറയാനുള്ളൂ.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ശശി തരൂരും അടക്കമുള്ള പ്രമുഖര്‍ സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തില്‍ പല പേജുകളഅ‍ മെര്‍ജ് ചെയ്തത് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. അവര്‍ക്ക് ചെയ്യാമെങ്കില്‍ രാഹുല്‍ ഈശ്വറിന് ചെയ്യാന്‍ പാടില്ലേ? ഇങ്ങനൊക്കെ ആദ്യമായി നടക്കുന്നു എന്ന ഭആവത്തിലാണ് പരിഹസിക്കുന്നവരുടെ പെരുമാറ്റം. ഇതിലൊന്നും ഒരു തെറ്റുമില്ല. ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമായി 15 പ്രൊഫൈലുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഫേസ്ബുക്ക് പോളിസി മാറിയ സമയത്താണ് ഇവ മാനേജ് ചെയ്യുകയെന്നത് ചിലരെ ഏല്‍പ്പിച്ചത്. പതിനെട്ടിന് മുകളിലുള്ള തമാശകള്‍ വായിച്ച് സരസമായി ചിരിക്കാന്‍ പരിഹസിക്കുന്നവര്‍ക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.