താനൂര്‍: താനൂരില്‍ പൊലീസുകാരെ മുസ്ലീംലീഗുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസർ ജിനേഷ് വി സി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും കല്ലും ഇരുമ്പുവടികളും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ജിനേഷ് പറഞ്ഞു. കണ്ണിന് പരിക്കേറ്റ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി 10 മണിയോടെയാണ് താനൂര്‍ ചാത്തപ്പടിയിലാണ് വ്യാപകമായ സംഘര്‍ഷം ഉണ്ടായത്. കുറച്ച് ദിവസങ്ങളായി ഈ ഭാഗത്ത് അരങ്ങേറിയ ചില സംഘടനങ്ങളുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാന്‍ എത്തിയതായിരുന്നു പോലീസ്. പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടയില്‍ സ്ഥലത്ത് സംഘം ചേര്‍ന്ന ലീഗ് പ്രവര്‍ത്തകര്‍ പ്രതിയെ ബലമായി മോചിപ്പിച്ച ശേഷം പോലീസിനെ ആക്രമിക്കുകയായിരുന്നു. തീരദേശ പ്രദേശമായ ഇവിടെ വന്‍ പോലീസ് സംഘം ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രദേശത്ത് ശാന്തതയാണ്.