ഹൈദരാബാദ് : ആഗോള സംരംഭക ഉച്ചകോടിയില്‍ ഇന്ത്യയെ വാനോളം പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകയും മകളുമായ ഇവാന്‍ക ട്രംപ്. ജനാധിപത്യത്തിന്റെ പ്രതീകവും പ്രതീക്ഷയുടെ വെളിച്ചവുമാണ് ഇന്ത്യയെന്ന് ഇവാന്‍ക ഹൈദരാബാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ പറഞ്ഞു. വെറ്റ് ഹൗസിന്റെ യഥാര്‍ത്ഥ സുഹൃത്താണ് ഇന്ത്യയെന്ന പ്രസിഡന്റ് ട്രംപിന്റെ വാക്കുകള്‍ ഇവാന്‍ക ആവര്‍ത്തിച്ചു. 

ഒരു ചായക്കടക്കാരനില്‍നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള മോദിയുടെ വളര്‍ച്ച തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യന്‍ വളര്‍ച്ചയുടെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ഹൈദരാബാദ്. ഈ ഉച്ചകോടി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക വളര്‍ച്ചയുടെയും സുരക്ഷാസഹകരണത്തിന്റെയും പ്രതീകമാണെന്നും ഇവാന്‍ക. ചില രാജ്യങ്ങളില്‍ പൊതുവിടങ്ങളില്‍ ഇറങ്ങി നടക്കാന്‍ പോലും പുരുഷന്മാരുടെ സഹായം വേണമെന്നും ഇവാന്‍ക പറഞ്ഞു. പിതാവ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യത്തെ സേവിക്കാനായി താന്‍ ബിസിനസ് ഉപേക്ഷിച്ചെന്നും ഇവാന്‍ക വ്യക്തമാക്കി. 

തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിദ്ധ്യം എന്ന വിഷയത്തിലൂന്നിയായിരുന്നു ഇവാന്‍കയുടെ പ്രസംഗം.ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ പകുതിയോളെ പേര്‍ സ്ത്രീകളാണ്. സ്ത്രീ വളര്‍ന്നാള്‍ കുടുംബം സമൂഹം, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എന്നിവയെല്ലാം വളര്‍ച്ച നേടും. ഇന്ന് 11 മില്യണ്‍ സ്ത്രീകളാണ് അമേരിക്കയില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെ വികസം കൊണ്ടുവരുന്ന പ്രധാനമന്ത്രി മോദിയുടെ ആശയത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ഇവാന്‍ക പ്രസംഗത്തില്‍ പറഞ്ഞു.