പ്രായം ഒന്നിനും തടസമല്ലെന്ന് ഇയോണയുടെ ജീവിതം കാട്ടിത്തരുന്നു
സ്റ്റോക്ക്ഹോം:നിശ്ചയദാർഢ്യമുണ്ടെങ്കില്‍ നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുകയാണ് സ്വീഡനിൽ നിന്നുള്ള ഇയോണ. പ്രായം ഒന്നിനും തടസമല്ലെന്ന് ഇയോണയുടെ ജീവിതം നമുക്ക് കാട്ടിത്തരുന്നു. ഇയോണ ഹെല്‍ലന്റ് എന്ന 73 കാരി ഇന്ന് നീന്തലിൽ ലോക ചാംപ്യനാണ്. വെറും നീന്തലല്ല. മഞ്ഞുകാലത്ത് മാത്രം നടത്തുന്ന വിന്‍റര്‍ നീന്തൽ ചാംപ്യൻഷിപ്പാണ് ഇയോണയെ ലോകശ്രദ്ധയിലേക്ക് എത്തിച്ചത്.
തണുത്തുറഞ്ഞ് മഞ്ഞുപാളികളായി കിടക്കുന്ന തടാകത്തിലാണ് മത്സരം . മഞ്ഞ് കട്ടകൾ വെട്ടിമാറ്റി തടാകത്തിൽ നീന്തലിനായി പ്രത്യേകം പൂൾ നിര്‍മ്മിക്കും. പിന്നെ ആവേശകരമായ നീന്തല്‍ മത്സരം. മത്സരങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ പൂർത്തിയാക്കും. കാരണം അത്രകണ്ട് താഴ്ന്ന താപനിലയായതിനാൽ പൂളിലെ വെള്ളവും ഐസ് ആയി മാറും.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു വാഹനാപകടമാണ് ഇയോണയുടെ ജീവിതം മാറ്റിമറിച്ചത്. ബൈക്കിൽ നിന്ന് വീണ് കഴുത്ത് ഒടിഞ്ഞു. ലോഹക്കമ്പികളുടെ സഹായത്തോടെയാണ് കഴുത്ത് നേരെ നിർത്തുന്നത്.ആശുപത്രി ജീവിതത്തിന് ശേഷം പൊരുതാനാണ് ഇയോണ തീരുമാനിച്ചത്.
ജീവനുള്ളിടത്തോളം കാലം മത്സരത്തിൽ പങ്കെടുക്കണമെന്നാണ് ഇയോണയുടെ ആഗ്രഹം. വിജയി ആകണമെന്നല്ല, പ്രതിസന്ധികൾക്കിയിലും നീന്തൽ നൽകുന്ന ആവേശവും അത് ജീവിതത്തിൽ നിറയ്ക്കുന്ന സന്തോഷവും തുടരാനാണ് ഇയോണയുടെ ഉറച്ച തീരുമാനം.
