മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: വനിതാ മതിലിന് ആദ്യം പിന്തുണ നല്‍കിയ നടി മഞ്ജു വാര്യര്‍ പിന്നീട് പിന്മാറിയതില്‍ പ്രതികരണവുമായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിന് എന്ത് ര‌ാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു. 

അതേസമയം മഞ്ജു വാര്യരുടെ പിന്മാറ്റം വനിതാ മതിലിനെ ബാധിക്കില്ലെന്ന് മന്ത്രി എം എം മണി മലപ്പുറത്ത് പറഞ്ഞു. മതില്‍ പൊളിയുമെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ജനുവരി ഒന്നിന് എത്തിയാൽ മതിൽ എങ്ങനെ നിർമ്മിക്കണമെന്ന് കാണിച്ച് തരാം. വനിതാ മതിലിലൂടെ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിടുന്നതായും എം എം മണി പറഞ്ഞു.

എന്നാല്‍ വനിതാ മതിൽ പൊളിയുമെന്നതിൽ സംശയമില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ജാതീയമായ ഭിന്നത സൃഷ്ടിക്കുന്ന മതിലിനോട് കേരളം സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.