വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലൻസ് കോടതി 30ലേക്ക് മാറ്റി. തെളിവുകൾ ഹാജരാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം പരിഗണിച്ചാണിത്. തുറമുഖ ഡയറക്ടറായിരിക്കെ സോളാർ പാനൽ സ്ഥാപിച്ചതിലൂടെ സർക്കാരിന് നഷ്ടമുണ്ടായെന്നതുൾപ്പെടെ മൂന്നു കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. അവധിയെടുത്ത് കൊല്ലത്തെ സ്വകാര്യ കോളേജിൽ അധ്യാപനം നടത്തിയതിനെക്കുറിച്ച് പരിശോധിക്കണം. കർണ്ണാടകയിൽ 151 ഏക്കർ വനഭൂമി കയ്യേറിയതും അന്വേഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ചേർത്തല ചെങ്ങാടക്കരി സ്വദേശി മൈക്കിൾ വർഗ്ഗീസാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.