തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ നടപടി എടുത്തത് ശരിയായില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
ജേക്കബ് തോമസ് ചൂണ്ടിക്കാണിച്ച കാര്യങ്ങൾ സർക്കാർ പരിശോധിക്കുകയായിരുന്നു വേണ്ടത്. തെറ്റ് ചെയ്തവർ അകത്തും തുറന്നു പറഞ്ഞവർ പുറത്തുമെന്ന സ്ഥിതി അംഗീകരിക്കാനാവില്ലെന്നും കുമ്മനം വ്യക്തമാക്കി.

നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചപറ്റിയെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

കഴിഞ്ഞ ഒന്‍പതിന് തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന ചടങ്ങിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശിച്ചത്. പണക്കാരുടെ മക്കളാണ് കടലില്‍ പോയിരുന്നതെങ്കില്‍ ഇതാകില്ലായിരുന്നു സര്‍ക്കാരിന്‍റെ പ്രതികരണം എന്നായിരുന്നു ജേക്കബ് തോമസിന്‍റെ ആക്ഷേപം. ഇവിടെ അഴിമതിക്കാര്‍ ഐക്യത്തിലാണെന്നും 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതി വിരുദ്ധരെ നിശബ്ദരാക്കുമെന്നും ജേക്കബ് തോമസ് ആരോപിച്ചിരുന്നു.