തിരുവവന്തപുരം: തന്റെ പുതിയ സ്ഥാനം സന്ദേശം നൽകുന്നതാണെന്ന് നിയുക്ത വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്ർ. ആ സന്ദേശം പൂർത്തീകരിക്കാൻ ശ്രമിക്കുമെന്നും ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്ഥാനമേറ്റ ശേഷം കൂടുതൽ പ്രതികരിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പൊതുവേദികളില്‍ പലപ്പോഴും ഡിജിപി ജേക്കബ് തോമസ് ആഞ്ഞടിച്ചിരുന്നു. വിജിലന്‍സ് എഡിജിപി ആയിരിക്കെ പാറ്റൂര്‍ ഭൂമി കൈയേറ്റ കേസിലടക്കം ജേക്കബ് തോമസ് കൈക്കൊണ്ട നിലപാടുകള്‍ യുഡിഎഫ് സര്‍ക്കാരിന് തലവേദനയായിരുന്നു. ഇതിനെത്തുടര്‍ന്ന് ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു.

എന്നാല്‍ വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് സുരക്ഷാ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിലപാടെടുത്തതോടെ ജേക്കബ് തോമസിനെ ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തു നിന്നും മാറ്റി. പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ എം ഡി ആയിട്ടായിരുന്നു നിയമനം. എന്തായാലും യുഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ പരസ്യനിലപാട് സ്വീകരിച്ച രണ്ട് ഉദ്യോഗസ്ഥരെ പ്രധാന തസ്തികയിലേക്ക് കൊണ്ടുവന്ന് സേനക്കുള്ളില്‍ തന്നെ കൃത്യമായ സൂചനകള്‍ നല്‍കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.