തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ജേക്കബ് തോമസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സർക്കാരിന് ജേക്കബ് തോമസ് കത്ത് നൽകി. വ്യക്തിപരമായ കാരണത്താൽ മാറ്റണമെന്ന് ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
ജേക്കബ് തോമസിന്‍റെ കത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെതായിരിക്കും. എന്നാല്‍ കുറച്ചുകാലമായി തുടരുന്ന ഐഎഎസ് ഐപിഎസ് പോരിന്‍റെ പേരിലാണ് ജേക്കബ് തോമസ് ഒഴിയാന്‍ ആഗ്രഹിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരുന്ന കാലത്തെ ചില ഇടപാടുകളില്‍ വകുപ്പ്തല നടപടിക്ക് ശുപാര്‍ശ ചെയ്തു എന്ന വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകളില്‍ തളരില്ലെന്നാണ് ജേക്കബ് തോമസ് പറഞ്ഞത്. അടുത്തിടെ ഇപി ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ജേക്കബ് തോമസിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. എന്നാല്‍ ജേക്കബ് തോമസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്.
എന്നാല്‍ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് കൈമാറിയെന്ന് സ്ഥിരീകരിച്ച ജേക്കബ് തോമസ്, ഈ സ്ഥാനം ഇല്ലെങ്കിലും അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് പ്രതികരിച്ചു.
