ദില്ലി: ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി സിപിഐഎമ്മില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് സംഖ്യത്തിനെതിരെ നിലപാടെടുത്ത് കേന്ദ്ര കമ്മിറ്റിയംഗം ജഗ്‍മതി സംഗ്‍വാന്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗത്വവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാജിവെച്ചു. കേന്ദ്ര കമ്മിറ്റി യോഗത്തിനിടെയാണ് രാജി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിനയരേഖക്ക് വിരുദ്ധമെന്ന് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് രാജിവെക്കുകയാണെന്ന് അവര്‍ മാധ്യമങ്ങളെ അറിയിച്ചു. കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് പുറത്തുവന്ന് നിറകണ്ണുകളോടെയാണ് അവര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
അതേസമയം പാര്‍ട്ടി തീരുമാനം അംഗീകരിക്കാത്തവര്‍ക്ക് പുറത്തു പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി, പാര്‍ട്ടി തീരുമാനം വിശദീകരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രതിസന്ധിയില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവനും പറഞ്ഞു.
