ജയില്‍ വാര്‍ഡന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: ജില്ലാ ജയിൽ വാർഡനെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര പെരുങ്കടവിളയിലെ വീടിനുള്ളിലാണ് ജയില്‍ വാര്‍ഡന്‍ ജോസിൽ ഭാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടു കൂടി യൂണിഫോം തേക്കാനുണ്ടെന്ന് പറഞ്ഞാണ് ജയില്‍ വാര്‍ഡന്‍ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഏറെ വൈകിയും തിരികെയെത്തായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ സമീപത്ത് പുതുതായി നിര്‍മാണത്തിലുള്ള വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൈ രണ്ടും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയില്‍ ആര്‍ഡിഓയുടെ സാന്നധ്യത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.