വിയ്യൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് ഭക്ഷണത്തിന് സ്പെഷല്‍ വിഭവങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച സഹതടവുകാരനെ കയ്യോട പിടികൂടി. ജയില്‍ ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കുന്ന വിഭവങ്ങളാണ് പള്‍സര്‍ സുനിയ്ക്കായി അടിച്ച് മാറ്റിക്കൊണ്ടിരുന്നത്. ജയിലില്‍ പള്‍സര്‍ സുനിയ്ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കുമ്പോളാണ് സുനിയുടെ സുഹൃത്ത് പിടിയിലാകുന്നത്. 

ഹഷീഷ് കടത്തു കേസിലെ പ്രതിയായ ഇയാള്‍ക്ക് അടുക്കള ചുമതലയുണ്ടായിരുന്നു. വഴിവിട്ട രീതിയിലുള്ള സഹായം പിടിയിലായതോടെ ഇയാളെ അടുക്കള ചുമതലയില്‍ നിന്ന് മാറ്റി. തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരേ അടുക്കളയിലാണ് പാചകമെങ്കിലും പാചക രീതി വ്യത്യസ്തമാണ്. 

മീന്‍കറി തയ്യാറാക്കുമ്പോള്‍ പുഴുങ്ങിയ മീനും കറി വേറെയുമായിയാണ് തടവുകാര്‍ക്ക് തയ്യാറാക്കുന്നത്. മീന്‍ കഷ്ണം ഉടഞ്ഞു പോയിയെന്ന് പരാതി ഉയരാതിരിക്കാനാണ് ഈ രീതി. എന്നാല്‍ ഉദ്യേഗസ്ഥര്‍ക്ക് സാധാരണ രീതിയിലുള്ള മീന്‍ കറിയും. ഈ മീന്‍ കറി കൈമാറ്റമാണ് ഉദ്യോഗസ്ഥര്‍ പൊളിച്ചത്. അടുക്കളയ്ക്ക് പിന്നിലായിരുന്നു സുനിയുടെ സെല്‍. തടവുകാര്‍ക്ക് വഴി വിട്ട സൗകര്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ജയിലില്‍ തര്‍ക്കങ്ങള്‍ പതിവാണ്.