ദില്ലി: കേന്ദ്രബജറ്റ് മാറ്റില്ലെന്നും അടുത്തമാസം ഒന്നിന് തന്നെ അവതരിപ്പിക്കുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. നോട്ട് അസാധുവാക്കലിനെ രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷം കള്ളപ്പണത്തെ പ്രോത്സാഹപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു എന്നാല്‍ ബജറ്റ് മാറ്റിവയ്ക്കണമെന്ന നിലപാട് സിപിഐഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ആവര്‍ത്തിച്ചു. നിലവിലുള്ള എല്ലാ ബാങ്ക് അക്കൗണ്ടുകളും പാന്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് ധനമന്ത്രാലയം നിര്‍ദ്ദേശിച്ചു. നോട്ട് അസാധുവാക്കാനുള്ള തീരുമാനം ആരാണ് എടുത്തതെന്ന് ഈ മാസം 20ന് നേരിട്ടെത്തി വിശദീകരിക്കണമെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റ് ആര്‍ബിഐ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സഹാചര്യത്തില്‍ കേന്ദ്രബജറ്റ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ ബജറ്റ് മാറ്റിവയ്ക്കില്ലെന്ന നിലപാടുമായി കേന്ദ്രധനമന്ത്രി രംഗത്തെത്തി. നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് കൊണ്ട് ബജറ്റ് മാറ്റിവച്ച കീഴ്വഴക്കമില്ലെന്ന് അദ്ദേഹം പറഞ്ഞു

നോട്ട് അസാധുവാക്കിയതിന് ശേഷം ഇപ്പോള്‍ സ്ഥിതിഗതികള്‍ പൂര്‍വ്വസ്ഥിതിയിലായെന്ന് വിശദീകരിച്ച ധനമന്ത്രി ചില രാഷ്ട്രീയനേതാക്കള്‍ കള്ളപ്പണത്തെ പിന്തുണക്കുന്നുവെന്ന് ബ്ലോഗില്‍ കുറിച്ചു. പ്രതിപക്ഷത്തിന് കറന്‍സി വഴി ഇടപാട് നടത്തണമെന്നാണ് ആഗ്രഹം. എന്നാല്‍ രാജ്യത്തിന്റെ ഭാവിക്ക് ഡിജിറ്റല്‍ ഇടപാടാണ് നല്ലതെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.എന്നാല്‍ ബജറ്റ് മാറ്റിവയ്ക്കണമെന്ന നിലപാട് സിപിഐഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ആവര്‍ത്തിച്ചു.

ഇതിനിടെ നോട്ട് അസാധുവാക്കിയതിന് മുന്‍പ് എപ്രില്‍ ഒന്നിനും നവംബര്‍ 9നും ഇടയില്‍ വന്ന നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ബാങ്കുകളോടും പോസ്റ്റ് ഓഫീസുകളോടും ധനമന്ത്രാലയം ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കാനുള്ള തീരുമാനം ആരാണ് എടുത്തതെന്ന് ഈ മാസം 20ന് നേരിട്ടെത്തി വിശദീകരിക്കണമെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റ് ആര്‍ബിഐ ഗവര്‍ണറോട് ആവശ്യപ്പെട്ടു.