സത്യം ജനങ്ങള്‍ അറിയട്ടെയെന്നും ജലന്ധര്‍ ബിഷപ്പ്

കോട്ടയം: കന്യാസ്ത്രീയുടെ പരാതിയില്‍ നിയമ നടപടികള്‍ നടക്കട്ടെയെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രോങ്കോ മുളക്കല്‍. ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും സത്യം ജനങ്ങള്‍ അറിയട്ടെയെന്നും ജലന്ധര്‍ ബിഷപ്പ് ഏഷ്യനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ പ്രതികരിച്ചു. 

വൈരാഗ്യമാണ് തനിക്കെതിരായ കന്യാസ്ത്രീയുടെ പരാതിക്ക് കാരണമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ പ്രതികരിച്ചിരുന്നു. സത്യാവസ്ഥ തുറന്നു കാട്ടുമെന്നും കേരളത്തിലെത്തി കേസുമായി സഹകരിക്കുമെന്നും ബിഷപ്പ് പറഞ്ഞിരുന്നു. 2014ൽ കുറവിലങ്ങാട് വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കത്തോലിക്കാ സഭയിലെ ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള കന്യാസ്ത്രീയുടെ പരാതി. കോട്ടയം എസ് പിക്കാണ് പരാതി നൽകിയത്.

എന്നാല്‍, അച്ചടക്ക നടപടിയെടുത്തതിന് കള്ളപ്പരാതി നൽകുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കാണിച്ച് ബിഷപ്പും എസ്പിക്ക് പരാതി നൽകി. ആദ്യം കിട്ടിയത് ബിഷപ്പിന്‍റെ പരാതിയെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ 2014ല്‍ പരാതി നല്‍കാന്‍ ഒരുങ്ങിയ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് കന്യസ്ത്രീയുടെ വാദം. ഇരുവരുടേയും പരാതിയിൽ കേസ് എടുത്ത് അന്വേഷിക്കുമെന്ന് വൈക്കം ഡിവൈഎസ്പി വ്യക്തമാക്കി.