ചോദ്യം ചെയ്യലിന് ശേഷം ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടായേക്കും. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് പൊലീസ് വ്യക്തമാക്കി. പരാതിയിൽ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് മഠത്തിലുണ്ടായിരുന്നുവെന്ന് പൊലീസിന് വ്യക്തമായതായി റിപ്പോര്‍ട്ട്. 

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് പൊലീസ്. ഉതോടെ ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. പരാതിയിൽ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് മഠത്തിലുണ്ടായിരുന്നുവെന്ന് പൊലീസിന് വ്യക്തമായതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

2014 മെയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് ഉണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുണ്ട് പൊലീസ്. മഠത്തിലെ രജിസ്റ്റർ, ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി, തൊടുപുഴ മഠത്തിലെ മദറിന്റെ മൊഴി എല്ലാം ബിഷപ്പിനെതിരെയുള്ള തെളിവുകളായി. മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടം മഠത്തിലായിരുന്നുവെന്നായിരുന്നു ബിഷപ്പിന്റെ മൊഴി.

ആകെ 81 സാക്ഷികളാണ് കേസിലുള്ളതെന്നും പൊലീസ് വ്യക്തമാക്കി. കന്യാസ്ത്രിയുടെ സാക്ഷികളുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കോട്ടയം എസ്പി ഇന്നലെ പറഞ്ഞിരുന്നു. നേരത്തെ ബിഷപ്പിനെതിരായ ബലാൽസംഗക്കേസിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തിയെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

2014നും 2016നും ഇടയിൽ നടന്ന സംഭവമാണെന്നും തെളിവുകൾ ശേഖരിക്കാൻ സമയമെടുക്കുമെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇത് അംഗീകരിച്ചായിരുന്നു കോടതി നിലപാടെടുത്തത്. അതേസമയം ചോദ്യം ചെയ്യാന്‍ മാത്രമാണെങ്കില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകുമെന്നാണ് ബിഷപ്പിന്‍റെ അഭിഭാഷകന്‍ മന്‍ദീപ് സിങ് പ്രതികരിച്ചത്.