ജലന്ധര്‍ ഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പഞ്ചാബ്: കന്യാസ്ത്രീയുടെ പരാതിയില്‍ കേരളാ പൊലീസ് ഇത് വരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജലന്ധര്‍ ഐജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആവശ്യപ്പെട്ടാല്‍ എല്ലാ സഹായവും ചെയ്യും. അറസ്റ്റുണ്ടായാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാവുമെന്ന പ്രചാരണം തെറ്റെന്നും ഐജി കൂട്ടിച്ചേര്‍ത്തു.

കന്യാസ്ത്രീക്കും സഹോദരനുമെതിരെ ബിഷപ്പ് പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കൊപ്പം കന്യാസ്ത്രീയുടെ കത്തും ബിഷപ്പ് നല്‍കിയിട്ടുണ്ടെന്നും ഐജി പറഞ്ഞു. 

ഇതിനിടെ ജലന്ധര്‍ ബിഷപ്പിൽ നിന്നും കന്യാസത്രീക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിയെന്ന് സ്ഥിരീകരിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ. സഭാ നേതൃത്വത്തിന് പരാതി അറിയിക്കാൻ നിര്‍ദ്ദേർശിച്ചുവെന്നും അന്വേഷണ സംഘത്തോട് ബിഷപ്പ് വ്യക്തമാക്കി.

അതേസമയം, ജലന്ധർ ബിഷപ്പിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ത്തി പരാതിക്കാരിയായ കന്യാസ്ത്രീ എഴുതിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന് ജൂൺ 23ന് കന്യാസ്ത്രീ മിഷനറീസ് ഓഫ് ജീസസിന് നല്‍കിയ കത്തില്‍ പറയുന്നു. 2017 ജൂലൈയില്‍ തന്നെ ബിഷപ്പിന്‍റെ പീഡനം സംബന്ധിച്ച് മഗര്‍ ജനറാളിന് കത്ത് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. അതുകൊണ്ടാണ് താന്‍ വീണ്ടും കത്തെഴുതുന്നതെന്നും കന്യാസ്ത്രീ പറയുന്നു.

ബിഷപ്പിന്‍റെ ഭീഷണിക്കെതിരെ പ്രതികരിച്ച അഞ്ച് കന്യാസ്ത്രിമാർക്ക് സന്യാസിനി മഠം നീതി ഉറപ്പാക്കിയില്ലെന്നും മദർ ജനറാൾ ബിഷപ്പിനെ പിന്തുണച്ചെന്നും കത്തില്‍ ആരോപണമുണ്ട്. മഠത്തിലെ കന്യാസ്ത്രീമാർക്ക് അവരുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കണമായിരുന്നു. അത് നഷ്ടപ്പെട്ടപ്പോഴാണ് പലരും മഠം ഉപേക്ഷിച്ചു പോയത്. ബിഷപ്പിനെയും മദര്‍ ജനറാളിനെയും പ്രീതിപ്പെടുത്തുന്നവർക്കേ മഠത്തിൽ തുടരാനാവൂ എന്ന അവസ്ഥ വന്നിരിക്കുന്നു. അല്ലാത്തവർക്ക് മൂന്നാംകിട പരിഗണനയാണ് കിട്ടുന്നത്. നാല് കന്യാസ്ത്രീകൾക്ക് ബിഷപ്പിൽ നിന്ന് കടുത്ത ഭീഷണിയും മോശം പെരുമാറ്റവും ഉണ്ടായെന്നും കത്തില്‍ ആരോപിക്കുന്നു.