ദില്ലി: ജല്ലിക്കട്ട് കേസില്‍ വിധിപറയുന്നത് സുപ്രീംകോടതി നീട്ടിവച്ചു. വിധി പറയുന്നത് ഒരാഴ്ചത്തേക്കാണ് നീട്ടിയത്. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സുപ്രീം കോടതി വിധി പറയുന്നത് നീട്ടിവച്ചത്. മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും പരിഗണിക്കണമെന്നും, ക്രമസമാധാന പ്രശ്‌നങ്ങളില്‍ തമിഴ്‌നാടുമായി ചര്‍ച്ച നടത്തുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ന് തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘം നിരാഹാരസമരം ഇരിക്കും. സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും പിന്തുണ പ്രഖ്യാപിച്ച് ഇന്ന് ഉപവാസമനുഷ്ഠിയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ മറീനാബീച്ചിലെ സമരവേദിയിലേയ്ക്കുള്ള പ്രതിഷേധക്കാരുടെ പ്രവാഹം മൂന്നാം ദിവസവും തുടരുകയാണ്.
പ്രത്യേകനിയമസഭാസമ്മേളനം വിളിച്ച് ചേര്‍ത്ത് ജല്ലിക്കെട്ടിനായി പ്രമേയം പാസ്സാക്കാനും സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതേസമയം, ഇന്നലെ മടങ്ങാനിരുന്ന മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം മടക്കയാത്ര റദ്ദാക്കി ദില്ലിയില്‍ തുടരുകയാണ്.
ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്ന പനീര്‍ശെല്‍വം പറഞ്ഞു.
നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേന്ദ്രം പിന്തുണ അറിയിച്ചു. ഓര്‍ഡിനന്‍സ് ഇന്നോ നാളെയോ രാഷ്ട്രപതിക്കയയ്ക്കും. രണ്ടു ദിവസത്തിനകം ജെല്ലിക്കട്ട് നടത്തുമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. എന്നാല്‍ നിരോധനം നീക്കിയതിനുശേഷം മാത്രമേ സമരം പിന്‍വലിക്കൂ എന്നാണ് സമരക്കാരുടെ നിലപാട്.
