ചെന്നൈ: ജല്ലിക്കട്ടുമായി ബന്ധപ്പെട്ട് സ്ഥിരം നിയമനിര്‍മ്മാണം നടത്താതെ പ്രക്ഷോഭം പിന്‍വലിയ്ക്കില്ലെന്ന് സമരസമിതി വ്യക്തമാക്കിയതോടെ തമിഴ്നാട്ടില്‍ പ്രക്ഷോഭം രൂക്ഷമാകുന്നു. ലക്ഷക്കണക്കിന് പേര്‍ അണിനിരന്ന വന്‍ ജനകീയമുന്നേറ്റത്തിനൊടുവില്‍ ജല്ലിക്കട്ട് നിരോധനം നീക്കാനുള്ള ഓര്‍ഡിനന്‍സ് സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയെങ്കിലും സമരത്തിന് അയവുണ്ടായില്ല. സ്ഥിരം നിയമനിര്‍മ്മാണം നടത്താതെ പ്രക്ഷോഭമവസാനിപ്പിയ്ക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്.

പ്രശ്‌നത്തില്‍ സര്‍ക്കാര്‍ പ്രതിഷേധക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ മധുരയിലെ ജല്ലിക്കെട്ട് ഉപേക്ഷിച്ചേക്കുമെന്നാണ് അറിയുന്നത്. മധുരയിലെ അളങ്കാനെല്ലൂരിലും ചെന്നൈ മറീന ബീച്ചിലും പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാര്‍ റെയില്‍പ്പാത ഉപരോധിക്കുകയാണ്. സമരത്തില്‍ മധുര വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഉപരോധം മധുര, ഡിണ്ടിഗല്‍, സേലം എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അതേ സമയം തിരുച്ചിറപ്പള്ളിയില്‍ ജല്ലിക്കട്ട് നടന്നു. മണപ്പാറ,പുതുകോട്ടൈ എന്നിവടങ്ങളിലാണ് ജല്ലിക്കട്ട് നടന്നത്. 

സമരം രൂക്ഷമായതോടെ പ്രതിഷേധക്കാരുമായി ചീഫ് സെക്രട്ടറി മധുരയില്‍ ചര്‍ച്ച നടത്തി. ജല്ലിക്കെട്ട് നടക്കേണ്ടിയിരുന്ന അളങ്കാനല്ലൂരിലേക്ക് മുഖ്യമന്ത്രി പനീര്‍ സെല്‍വം എത്തില്ല. പ്രതിഷേധം രൂക്ഷമായതോടെ പനീര്‍ശെല്‍വം പങ്കെടുക്കുന്ന ജല്ലിക്കട്ട് ഡിണ്ടിഗലിലേക്ക് മാറ്റാന്‍ ആലോചനയുണ്ട്.

അടുത്തയാഴ്ച ജല്ലിക്കട്ട് കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിയ്ക്കാനിരിയ്‌ക്കെ, പ്രതിഷേധം തണുപ്പിയ്ക്കാനുള്ള സര്‍ക്കാരിന്റെ അടവുനയമാണ് ഓര്‍ഡിനന്‍സെന്നാണ് സമരസമിതിയുടെ ആരോപണം. എന്നാല്‍ സുപ്രീംകോടതിയെ മറികടന്ന് ജല്ലിക്കട്ടിനായി വരുന്ന ബജറ്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബില്ലവതരിപ്പിയ്ക്കാന്‍ സാധ്യതയില്ല.

ജല്ലിക്കട്ട് കേസില്‍ അടുത്തയാഴ്ച വരാനിരിയ്ക്കുന്ന സുപ്രീംകോടതിവിധി എതിരായാല്‍ ജനരോഷം അണപൊട്ടുമെന്ന് സംസ്ഥാനസര്‍ക്കാര്‍ ഭയക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ തമിഴ്‌നാട്ടില്‍ ഈ വര്‍ഷം നടക്കാനിരിയ്ക്കുന്ന പരമാവധി ജല്ലിക്കട്ട് മത്സരങ്ങള്‍ നടത്താനായാല്‍ പ്രതിഷേധം തണുക്കുമെന്ന കണക്കുകൂട്ടലിലാണ് നിയമപരമായ വെല്ലുവിളികള്‍ക്കിടയിലും ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ആ അടവുനയം കൊണ്ട് പ്രതിഷേധം തണുപ്പിയ്ക്കാനാകില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു.