ചെന്നൈ: ജനകീയ പ്രക്ഷോഭത്തിനൊടുവിൽ ഇന്ന് തമിഴ്നാട്ടിൽ ജല്ലിക്കട്ട് നടക്കും. അളങ്കനല്ലൂരിൽ നടക്കുന്ന ജല്ലിക്കട്ട് മുഖ്യമന്ത്രി ഒ പനീർസെൽവം ഉദ്ഘാടനം ചെയ്യും. അതേസമയം ജെല്ലിക്കെട്ടിനായി
നിയമനിർമ്മാണം ആവശ്യപ്പെട്ട് മറീന ബീച്ചിൽ ഉൾപ്പെടെ തമിഴ്നാട്ടിൽ പ്രക്ഷോഭം തുടരുകയാണ്. രാത്രി വൈകിയും മുഖ്യമന്ത്രി പനീർസെൽവം അളങ്കനല്ലൂരിൽ സമരക്കാരുമായി അനുനയ ചർച്ച നടത്തി.

ലക്ഷക്കണക്കിന് ജനങ്ങള്‍ അണിനിരന്ന വൻ ജനകീയമുന്നേറ്റത്തിനൊടുവിൽ ജല്ലിക്കട്ട് നിരോധനം നീക്കാനുള്ള ഓർഡിനൻസ് സംസ്ഥാനസർക്കാർ പുറത്തിറക്കിയെങ്കിലും ഇന്നലെ സമരത്തിന് അയവുണ്ടായില്ല. ആഹ്ളാദപ്രകടനങ്ങൾ നടന്നെങ്കിലും സ്ഥിരം നിയമനിർമ്മാണം നടത്താതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചു.

ജല്ലിക്കട്ട് കേസിൽ അടുത്തയാഴ്ച വരാനിരിയ്ക്കുന്ന സുപ്രീംകോടതിവിധി എതിരായാൽ ജനരോഷം അണപൊട്ടുമെന്ന് സംസ്ഥാനസർക്കാർ ഭയക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ തമിഴ്നാട്ടിൽ ഈ വർഷം നടക്കാനിരിയ്ക്കുന്ന പരമാവധി ജല്ലിക്കട്ട് മത്സരങ്ങൾ നടത്താനായാൽ പ്രതിഷേധം തണുക്കുമെന്ന കണക്കുകൂട്ടലിലാണ് നിയമപരമായ വെല്ലുവിളികൾക്കിടയിലും ഓർഡിനൻസ് പുറത്തിറക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. എന്നാൽ ആ അടവുനയം കൊണ്ട് പ്രതിഷേധം തണുപ്പിയ്ക്കാനാകില്ലെന്ന് സമരക്കാർ വ്യക്തമാക്കുന്നു.