നെഹ്റു ഗ്രൂപ്പിന് കീഴിലുള്ള പി കെ ദാസ് ഹോസ്പിറ്റലിൽ നിന്ന് വിട്ടു നിൽക്കുമെന്ന് മന്ത്രി എ കെ ബാലന്‍റെ ഭാര്യ ഡോ. ജമീല. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ പ്രേരണകുറ്റത്തിന് പ്രതിചേർക്കപ്പെട്ട നെഹ്റു ഗ്രൂപ്പ് മേധാവി പി കൃഷ്ണദസിനെ മന്ത്രി എ കെ ബാലൻ സംരക്ഷിക്കുന്നെന്ന് ആരോപണമുയരുന്നതിനെത്തുടർന്നാണ് വിട്ടു നിൽക്കാനുള്ള തീരുമാനം.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇടതു സർക്കാർ മൃദു സമീപനം സ്വീകരിക്കുന്നെന്ന ആരോപണം തുടക്കം മുതലുണ്ട്. മന്ത്രി സഭയിലെ ഉന്നതന്‍റെ ഭാര്യ നെഹ്റു ഗ്രൂപ്പിനുകീഴിലുള്ള ആശുപത്രിയുടെ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടായി ജോലി ചെയ്യുന്നത് അവിശുദ്ധ ബന്ധത്തിന്‍റെ തെളിവാണെന്നായിരുന്നു ആരോപണങ്ങൾ. നെഹ്റു ഗ്രൂപ്പ് മേധാവി പി കൃഷ്ണദാസിനെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ മന്ത്രി എ കെ ബാലന്‍റെ വീട്ടിലാണ് പ്രതികളെ ആദ്യം തിരയേണ്ടതെന്നടക്കം ആരോപണങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡോ ജമീല പി കെ ദാസിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഏതാനും ദിവസങ്ങളായി അവധിയിലാണെന്നും, രാജി വക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ജമീല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് പി കെ ദാസ് മെഡിക്കൽ കോളേജിലെ ഡെപ്യൂട്ടി മെഡികകൽ സൂപ്രണ്ടായി രണ്ട് വർഷം മുൻപ് ഡോ ജമീല ചുമതലയേൽക്കുന്നത്. തന്‍റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയായിരുന്നെന്നും ജിഷ്ണു കേസുമായി ബന്ധപ്പെട്ട് ഒരു സഹായവും മാനേജ്മെന്‍റ് തേടിയിട്ടില്ലെന്നും ഡോ. ജമീല പറഞ്ഞു. രാഷ്ട്രീയ പ്രതിരോധമൊഴിവാക്കാൻ പി കെ ദാസിലെ ചുമതലകളിൽ നിന്ന് വിട്ടുനിൽക്കാൻ ഡോ ജമീലയോട് മന്ത്രി എ കെ ബാലൻ ആവശ്യപ്പെടുകയായിരുന്നെന്നാണ് സൂചന.