പ്രവേശനത്തില്‍ സുതാര്യത ഉറപ്പാക്കാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി. ഓണ്‍ലൈന്‍ അപേക്ഷക്കുള്ള അവസരം സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ നിഷേധിക്കുന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടെങ്കിലും ഓണ്‍ലൈന്‍ പ്രവേശനത്തില്‍ പ്രശ്‌നങ്ങളുണ്ട്. എം ബി ബി എസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ കഴിയുന്നില്ലെന്ന നിരവധി പരാതികളാണ് ജയിംസ് കമ്മറ്റിക്ക് കിട്ടിയത്. പല കോളേജുകളുടേയും വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമല്ല. ഈ സാഹചര്യത്തിലാണ് ജയിംസ് കമ്മിറ്റി പ്രത്യേക നിര്‍ദ്ദേശം ഇറക്കിയത്. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ അവസരം ഒരുക്കണമെന്നാണ് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ അല്ലാതെ നടത്തുന്ന പ്രവേശനങ്ങള്‍ അംഗീകരിക്കില്ലെന്നാണ് മുന്നറിയിപ്പ്. നേരത്തെ തന്നെ ചില കോളേജുകള്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചതാകാം വെബ് സൈറ്റ് നിശ്ചലമാകാനുള്ള കാരണമെന്ന സംശയം ഉയരുന്നുണ്ട്. ആറു വരെയാണ് അപേക്ഷിക്കാനുള്ള സമയം. അതേ സമയം കരാര്‍ ഒപ്പിട്ടത് ശനിയാഴ്ചയാണെന്നും ഞായറാഴ്ച അവധി ദിവസമായത് കൊണ്ടാണ് വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയാത്തതെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ വിശദീകരിച്ചു.
