ജമ്മു കശ്‍മിരിൽ 17 ദിവസമായി തുടർന്ന നിരോധനാജ്ഞ പിൻവലിച്ചു. കുപ്‍വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു തീവ്രവാദികളെ സൈന്യം വധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകൾക്ക് ബദൽ സംവിധാനം കണ്ടെത്താനുള്ള സമിതിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകാരം നൽകി.

ഹിസ്ബുൾ കമാൻഡർ ബുർഹാൻ വാണിയെ സൈന്യം വധിച്ചതിനെതുടർന്ന് 10 ജില്ലകളിലായി പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് പിൻവലിച്ചത്. മൊബൈൽ - ഇന്‍റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിച്ചു. സൈന്യവും ജനക്കൂട്ടവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 45പേരാണ് ആകെ മരിച്ചത്. അതിനിടെ ജനക്കൂട്ടത്തെ നേരിടാൻ സൈന്യം ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകൾ മാരക ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്ന വിമർശനത്തിന്‍റെ പശ്ചാത്തലത്തിൽ ബദൽ സംവിധാനം കണ്ടെത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏഴംഗസമിതിക്ക് അംഗീകാരം നൽകി. രണ്ട് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് നിർദ്ദേശം നൽകി. അതിനിടെ കുപ്‍വാരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാലു തീവ്രവാദികളെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. രാജ്യം ഇന്ന് 17ആം കാർഗിൽ വിജയ ദിവസം ആചരിക്കുകയാണ്. എന്‍ഡിഎസർക്കാരിന്‍റെ രാഷ്ട്രീയ ഇടപെടലുകളാണ് കാർഗിലിൽ വിജയത്തിലേക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്‍താവനയിൽ പറഞ്ഞു. പ്രതിരോധമന്ത്രി മനോഹർ പരീക്കറും, കര-വ്യോമസേനാ മേധാവികളും രാജീവ് ചന്ദ്രശേഖർ എംപിയും ഇന്ത്യാഗേറ്റിലെ അമർജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു.