ശ്രീനഗര്‍: ലേയില്‍ നിന്ന് ജമ്മുവിലേക്ക് പുറപ്പെട്ട ഗോ എയര്‍ വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന 112 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.

ദില്ലി-ലേ-ജമ്മു വിമാനത്തിലാണ് അകാശത്ത് വെച്ച് തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ദില്ലിയില്‍ നിന്ന് ലേയിലെത്തിയ വിമാനം രാവിലെ 9.20ഓടെയാണ് ജമ്മുവിലേക്ക് തിരിച്ചത്. പറന്നുയര്‍ന്ന് 10 മിനിറ്റുകള്‍ക്കകം തകരാര്‍ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിച്ച് അടിയന്തര ലാന്റിങിന് അനുമതി തേടി. വിമാനത്താവളത്തില്‍ ഏത് സാഹചര്യവും നേരിടാനുള്ള സന്ദേശം നല്‍കിയതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരും മെഡിക്കല്‍ സംഘവും തയ്യാറായിരുന്നെങ്കിലും അപകടമൊന്നും കൂടാതെ പൈലറ്റുമാര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. 112 യാത്രക്കാര്‍ക്ക് പുറമെ രണ്ട് പൈലറ്റുമാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്.

വിമാനം പരിശോധിക്കാനായി ദില്ലിയില്‍ നിന്നുള്ള എഞ്ചിനീയര്‍മാരുടെ സംഘം ലേയില്‍ എത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ക്ലിയറന്‍സ് ലഭിച്ചാലും നാളെ മാത്രമേ ഈ വിമാനത്തിന് ഇനി സര്‍വ്വീസ് നടത്താന്‍ സാധിക്കൂ. യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ ഇന്ന് തന്നെ ജമ്മുവിലെത്തിക്കുമെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു.