തൃശൂര്‍/കൊച്ചി: ഇടത് മുന്നണിയുടെ ജനജാഗ്രതാ യാത്ര സമാപിച്ചു. കാനം രാജേന്ദ്രൻ നയിച്ച ജാഥ കൊച്ചിയിലും കോടിയേരി ബാലകൃഷ്ണൻ നയിച്ച യാത്ര തൃശൂരിലും സമാപിച്ചു. മിനി കൂപ്പർ വിവാദവും തോമസ് ചാണ്ടി വിഷയവും ഒഴിവാക്കി ഗെയിൽ പൈപ്പ് ലൈൻ സമരവും സോളാർ റിപ്പോർട്ടുമാണ് സമാപന ദിവസം ഇടത് നേതാക്കൾ ഉന്നയിച്ചത്.

പേരിട്ടത് ജനജാഗ്രതാ ജാഥ എന്നാണെങ്കിലും ഒക്ടോബർ 21ന് തുടങ്ങി രണ്ടാഴ്ചക്കാലം ജാഥക്കിടെ തോമസ് ചാണ്ടി, മിനി കൂപ്പർ വിവാദങ്ങളിൽ പെട്ട് പാർട്ടിക്ക് ജാഗ്രത കുറവുണ്ടായെന്ന് നേതാക്കൾക്ക് തന്നെ പറയേണ്ടി വന്നു. ജാഥയുടെ ശോഭ കെടുത്തിയ ഈ വിഷയങ്ങളിൽ തികഞ്ഞ മൗനം പാലിച്ചു ഇരു മേഖലകളിലെയും സമാപനസമ്മേളന വേദിയും. സോളാർ റിപ്പോർട്ടിന്മേൽ യുഡിഎഫിനെതിരെ രൂക്ഷവിമർശനം നടത്തി കോടിയേരി ബാലകൃഷ്ണന്‍. ഉമ്മൻ ചാണ്ടിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു യുഡിഎഫിനെതിരെ കാനത്തിന്‍റെയും പരിഹാസം.

ഗെയിൽ സമരത്തിൽ ഇടതുമുന്നണിയുടെ നിലപാട് പ്രഖ്യാപനം കൂടിയായി സമ്മേളനവേദി. തെളിവില്ലാതെ ആളുകൾക്ക് മേൽ തീവ്രവാദം ആരോപിക്കുന്നതിനോട് എതിരെന്നായിരുന്നു കാനത്തിന്‍റെ നിലപാട്. ഗെയിൽ വിഷയത്തിൽ യുഡിഎഫിന് ഇരട്ടത്താപ്പെന്ന് കോടിയേരി പറഞ്ഞപ്പോൾ സമരത്തിന് പിന്നിൽ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘടിത പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് തെക്കൻ മേഖല ജാഥ സമ്മേളന വേദിയിൽ മന്ത്രി തോമസ് ഐസക് തുറന്നടിച്ചു.