കാസര്‍കോട്: പുലിയന്നൂരില്‍ മോഷണത്തിനിടെ കൊലചെയ്യപ്പെട്ട ജാനകി ടീച്ചര്‍ വധകേസില്‍ മൂന്നാം പ്രതിയും മുഖ്യ സൂത്രധാരനുമായ അരുണ്‍ പിടിയിലായി. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന അരുണ്‍ കുമാറിനെയാണ് അന്വേഷണ സംഘം നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തത്.

 പ്രവാസി മലയാളികളുടെ സാഹായത്തോടെയാണ് അരുണ്‍ കുമാറിനെ നാട്ടിലെത്തിച്ചത്. കേസിലെ സൂത്രധാരന്‍ അരുണാണെന്ന് തിരിച്ചറിഞ്ഞ ഉടനെ തന്നെ അന്വേഷണ സംഘം പ്രവാസി മലയാളി സംഘടനകളെ വിവരം അറിയിച്ചിരുന്നു. ഗള്‍ഫില്‍ അരുണ്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തി ഇവരാണ് അരുണിനെ പിടികൂടിയത്. പിന്നീട് എംബസിയുമായി ബന്ധപ്പെട്ട് അരുണിനെ തിരികെ എത്തിക്കുകയായിരുന്നു. നാട്ടിലെത്തിച്ച അരുണിനെ പുലിയന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.

കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. അരുണ്‍ കുമാറും വിശാഖും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. റിനീഷ് വീടിന് പുറത്ത് സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. പിന്നീട് റിനീഷും വീടികത്ത് പ്രവേശിച്ചു. ഇന്ന് അറസ്റ്റിലായ അരൂണ്‍ കുമാര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ ഹരജി നല്‍കി.