ഖനി വ്യവസായിയും കർണാടക മുൻ മന്ത്രിയുമായ ഗാലി ജനാർദ്ദൻ റെഡ്ഡി മകളുടെ വിവാഹത്തിനായി നൂറ് കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം. ബംഗളുരു സ്പെഷ്യൽ ലാൻഡ് അക്വിസിഷൻ  ഓഫീസറുടെ ഡ്രൈവറുടെ ആത്മഹത്യ കുറിപ്പിലാണ് ആരോപണം. ഉദ്യോഗസ്ഥനെതിരെ ആത്മഹത്യ പ്രേരണയ്‍ക്കു പൊലീസ് കേസെടുത്തു.

കർണാടക മുൻ മന്ത്രിയും ഖനി വ്യവസായിയുമായ ഗാലി ജനാർദ്ദൻ റെ‍ഡ്‍ഡി കോടികൾ ചെലവഴിച്ച് കഴിഞ്ഞ മാസം മകളുടെ വിവാഹം നടത്തിയത് ഏറെ വിവാദമായിരുന്നു. കല്യാണത്തിനായി നൂറ് കോടി രൂപയുടെ കള്ളപ്പണം ജനാർദ്ദൻ റെഡ്ഡി വെളിപ്പിച്ചുവെന്നാണ് പുതിയ ആരോപണം. കള്ളപ്പണം വെളുപ്പിക്കുന്നതിയി റെഡ്ഡിയെ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥൻ ഭീമ നായികിന്റെ ഡ്രൈവർ രമേശ് ഗൗഡയുടെ ആത്മഹത്യകുറിപ്പിലാണ് റെഡ്ഡിക്കെതിരായ വെളിപ്പെടുത്തലുള്ളത്. ബംഗളുരു സ്പെഷ്യൽ ലാൻഡ് അക്വിസിഷൻ ഓഫീസറായ ഭീമ നായികുമായി ജനാർദ്ദൻ റെഡ്ഡിയും ബിജെപി എംപി ശ്രീരാമലുവും ബംഗളുരുവിൽ വച്ച് പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കള്ളപ്പണം വെളിപ്പിക്കുന്നതിനായി നായിക് ഇരുപത് ശതമാനം കമ്മിഷൻ വാങ്ങിയെന്നും രമേശ് ആത്മഹത്യ കുറിപ്പിൽ പറയുന്നു.. കമ്മീഷന് പുറമെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നും നായിക് റെഡ്ഡിയോട് ആവശ്യപ്പെട്ടതായും രമേശ് ആരോപിച്ചു. ഈ ഗൂഢാലോചന അറിയുന്നതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞാണ് രമേശ് ആത്മഹത്യ ചെയ്തത്. ഭീമ നായികിനെതിരെ പൊലീസ് കേസെടുത്തു. ആഡംബര വിവാഹത്തിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആദായ നികുതി വകുപ്പ് റെഡ്ഡിയുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.