ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 'ജന്മഭൂമിയി'ല്‍ ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറുടെ ലേഖനം. ഹിന്ദു ധര്‍മ്മത്തെയോ സമൂഹത്തെയോ ബാധിക്കുന്ന ഒന്നും വിധിയില്‍ ഇല്ലെന്നുമാണ് ലേഖനം പറയുന്നത്.
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 'ജന്മഭൂമിയി'ല്‍ ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയന്‍റെ ലേഖനം. ഹിന്ദു ധര്‍മ്മത്തെയോ സമൂഹത്തെയോ ബാധിക്കുന്ന ഒന്നും വിധിയില്‍ ഇല്ലെന്നും ലേഖനത്തില്‍ വിലയിരുത്തലുണ്ട്. എന്നാൽ ഇത് പാർട്ടി നിലപാടല്ലെന്നാണ് ബിജെപി നേതൃത്വം വിശദീകരിക്കുന്നത്. ലേഖനം കണ്ടിട്ടില്ലെന്നും ഇപ്പോൾ പ്രതികരിക്കാനില്ലെന്നും, പാർട്ടി ഭക്തർക്കൊപ്പമാണെന്നും ബിജെപി സംസ്ഥാനപ്രസിഡന്‍റ് പി.എസ്.ശ്രീധരൻ പിള്ള പ്രതികരിച്ചു. പാർട്ടി ഭക്തർക്കൊപ്പമാണെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി ജെ.ആർ.പദ്മകുമാറും വിശദീകരിക്കുന്നു.
ലേഖനത്തിന്‍റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്:
ശബരിമലയില്‍ സ്ത്രീകള്‍ കൂടുതലായി എത്തുന്നത് ക്ഷേത്രത്തിന്‍റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്നാണ് ആര്‍.സഞ്ജയന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. സുപ്രീംകോടതി വിധിയെക്കുറിച്ച് ചിലർ ആശയക്കുഴപ്പം സൃഷ്ടിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും ലേഖനം പറയുന്നു. ഈ ഉത്തരവ് ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങൾക്കും വേണ്ടിയുള്ളതല്ല. ശബരിമല എപ്പോൾ സന്ദർശിക്കണം വേണ്ട, എന്നതെല്ലാം വിശ്വാസികളായ സ്ത്രീകൾക്ക് വിട്ടുകൊടുക്കുക. മതസ്വാതന്ത്ര്യം മൗലികാവകാശമാണ്, പക്ഷേ, അത് മറ്റ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാകരുതെന്ന കോടതി വിധിയുടെ അന്തഃസ്സത്തയോട് വിയോജിക്കാനാകില്ലെന്നും ആർ.സഞ്ജയൻ ലേഖനത്തിൽ പറയുന്നു.
ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കള്‍ കൈകൊണ്ട നിലപാടിന് കടകവിരുദ്ധമാണ് ജന്മഭൂമിയിലെ ലേഖനം. ഇന്ന് മഹിളാമോർച്ചയും സംഘപരിവാർ സംഘടനകളും തിരുവിതാംകൂർ ദേവസ്വംബോർഡ് ആസ്ഥാനത്തേയ്ക്ക് മാർച്ച് നടത്തുന്ന സാഹചര്യത്തിൽക്കൂടിയാണ് ബിജെപിയുടെ മുഖപത്രത്തിൽ, എഡിറ്റോറിയൽ പേജിൽ ഇത്തരമൊരു ലേഖനം വന്നത്.
