തിരുവനന്തപുരം: മെഡിക്കൽ കോഴയില്‍ വിജിലൻസ് അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് ബിജെപി മുഖപത്രമായ ജന്മഭൂമി. വിജിലൻസ് അന്വേഷണം നിഷ്പക്ഷമാകില്ലെന്നും അതിനാല്‍ എൻഐഎ അന്വേഷണം വേണമെന്നുമാണ് ബിജെപി മുഖപത്രത്തിന്‍റെ ആവശ്യം.

അന്വേഷണ റിപ്പോർട്ട് ചോർന്നതിനെതിരെയും ജന്മഭൂമി രംഗത്തെത്തി. റിപ്പോർട്ട് ചോർത്തി ബിജെപിയെ നാണം കെടുത്തിയവരെ കണ്ടെത്തണമെന്നും കമ്മീഷൻ അംഗം റിപ്പോർട്ട് എന്തിന് ഒരു ഹോട്ടലിലേക്ക് ഇ മെയിൽ ചെയ്തുവെന്നും ജന്മഭൂമി ചോദിക്കുന്നു. റസിഡന്‍റ് എഡിറ്ററുടെ മറുപുറം എന്ന പംക്തിയിലാണ് വിമർ‍ശനങ്ങള്‍.

അതിനിടെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോഴയാരോപണത്തിൽ നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാണ് . കൂടുതൽ നടപടി വേണമെന്ന ആവശ്യം യോഗത്തിൽ ഉയരും . ബിജെപി സംസ്ഥാന നേതൃത്വത്തിൽ സമഗ്ര അഴിച്ചുപണിക്ക് സാധ്യതയുണ്ട്.

സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചിരുന്നു. കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് എം.ടി രമേശ് അമിത്ഷാക്ക് പരാതി നല്‍കും.

അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കടുത്ത പ്രതിരോധത്തിലാണ് നേതൃത്വം. അഴിമതിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിനും പങ്കുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു

കേന്ദ്ര സര്‍ക്കാറിനെപ്പോലും പ്രതിരോധത്തിലാക്കും വിധം കേരളത്തില്‍ നിന്ന് ഉയര്‍ന്ന കോഴ വിവാദത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. വിഭാഗീതക്ക് പുറമെ അഴിമതി ആരോപണം കൂടി കടുത്തതോടെ സമഗ്ര അഴിച്ച് പണിക്കും കളമൊരുങ്ങുകയാണ്. അതേസമയം കോഴക്കഥ കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്നുമാണ് ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ നിലപാട്.