ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് അപകടം നടന്നത്. ഝാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ പുട്കി ബിഹാരിയിലെ ബി.സി.സി.എല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം ഉണ്ടായത്. ഖനിയില്‍ നിന്ന് പുറത്തേക്ക് കടക്കുന്ന ഭാഗം ഒന്നടങ്കം ഇടിഞ്ഞു വീഴുകയായിരുന്നു. അപകടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. അപകടം നടക്കുമ്പോള്‍ അമ്പതിലധികം പേര്‍ ഖനിക്കുള്ളില്‍ ഉണ്ടായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കനത്ത മൂടല്‍ മഞ്ഞ് കാരണം ഇന്ന് രാവിലെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഖനിയില്‍ ഉപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നല്‍പ്പതോളം വാഹനങ്ങളും കടുങ്ങിയിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25,000 രൂപയും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു..