വിദ്യാനഗർ പോലീസാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ ജസീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആഴ്ച്ചകൾക്ക് ശേഷം ആദ്യ അറസ്റ്റ്. ജസീലയുടെ ആണ്‍സുഹൃത്തിന്റെ മാതാവ് ആയിഷയെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്ത്. ജസീലയുടെയും ആൺ സുഹൃത്തിന്റെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. 

മോഷണക്കുറ്റം ആരോപിച്ചതിൻ്റെ വിഷമത്തിൽ വിഷം കഴിച്ച നാലത്തടുക്ക സ്വദേശി ജസീല കഴിഞ്ഞ മാസം 20 നാണ് മരിച്ചത്. ആൺ സുഹൃത്തിൻ്റെ മാതാപിതാക്കൾ ഉൾപ്പെടെയുളളവർക്കെതിരെ പരാതിയും ഉയർന്നിരുന്നു. ഇന്ന് രാവിലെ ആൺ സുഹൃത്തിന്റെ മാതാവ് പൊവ്വൽ സ്വദേശി ആയിഷയെ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട ചേദ്യം ചെയ്യലിന് ശേഷം വൈകിട്ട് നാല് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റമാണ് ആയിഷക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ച് ജസീലയുടെ വീട്ടിലെത്തി ആയിഷ പ്രശ്‌നമുണ്ടാക്കിയിരുന്നു. കുറ്റക്കാർക്കെതിരെ പൊലീസ് നടപടി വൈകുന്നതിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് അറസ്റ്റ്.

കോടതി ആയിഷയെ റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കാഞ്ഞങ്ങാട് വനിതാ ജയിലിലേക്ക് മാറ്റി. കാസർകോട് കോടതി ശനിയാഴ്ച്ച ജാമ്യാപേക്ഷ പരിഗണിക്കും. മരിച്ച ജസീലയുടെയും ആൺ സുഹൃത്തിൻ്റെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിശദ പരിശോധനയ്ക്ക് ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിനിടെയാണ് അറസ്റ്റ്.

ജസീലയുടെ ആൺ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഒന്‍പതര പവന്‍ നഷ്ടപ്പെട്ടു എന്ന പരാതി വരുന്നത്. ആദൂര്‍ പൊലീസ് ജസീലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ജസീലയുടെ പങ്ക് തെളിയിക്കാനായിരുന്നില്ല. മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് നിരപരാധിയാണെന്ന് കരഞ്ഞ് പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് ജസീല ജീവനൊടുക്കിയത്.

Asianet News Live | Malayalam Live News | Iran-Israel conflict | Breaking News | HD News Streaming