മെയ്  മൂന്നാം തീയതി കോട്ടക്കുന്ന് പാര്‍ക്കില്‍ ജസ്നയെ കണ്ടെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. 

മലപ്പുറം: പത്തനംതിട്ടയില്‍ കാണാതായ ജസ്ന മരിയയെ മലപ്പുറത്ത് കണ്ടെന്ന വിവരത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന വെച്ചൂച്ചിറ പോലീസ് ഇന്ന് മലപ്പുറത്തെത്തും. മലപ്പുറം നഗരമധ്യത്തിലെ കോട്ടക്കുന്ന് പാര്‍ക്കില്‍ ജസ്നയെ കണ്ടെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. 

കഴിഞ്ഞ മാസം മൂന്നാം തീയതി ജെസ്നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടി കോട്ടക്കുന്നിലെത്തിയതായാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. പാര്‍ക്കിനുള്ളില്‍ പെണ്‍കുട്ടി കരയുന്നത് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ഈ പെണ്‍കുട്ടി ജസ്നയാണോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. 

കോട്ടക്കുന്ന് പാര്‍ക്കിലെ സിസിടിവി ക്യാമറകളില്‍ രണ്ടാഴ്ച്ച വരെയുള്ള ദൃശ്യങ്ങള്‍ മാത്രമേ ശേഖരിക്കൂ എന്നത് പോലീസിന് തിരിച്ചടിയാണ്. ഇന്ന് മലപ്പുറത്ത് എത്തുന്ന വെച്ചൂച്ചിറ പോലീസ് ജസ്നയുടെ തിരോധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലപ്പുറം പോലീസുമായി പങ്കുവയ്ക്കും.