സര്‍ക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗക്കാർ തുടങ്ങിയ പ്രക്ഷോഭം ശക്തമാകുന്നു. നാളെ പാർലമെന്റ് ഖരാവോ ചെയ്യുമെന്ന് ജാട്ട് നേതാക്കൾ പ്രഖ്യാപിച്ചതോടെ ദില്ലിയിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദില്ലി മെട്രോയുടെ 34 സ്റ്റേഷനുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും.
ദില്ലി ജന്തര്‍ മന്തറിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും തിങ്കളാഴ്ച്ച ട്രാക്ടറുകളിൽ തലസ്ഥാനത്തെത്തി പാർലമെന്റ് ഖരാവോ ചെയ്യുമെന്നും ജാട്ട് നേതാക്കൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസ് ദില്ലിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. അക്രമ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങിയിട്ടുണ്ട്. ഇന്ന് 11.30 മുതൽ നഗരാതിര്‍ത്തി വിട്ട് സഞ്ചരിക്കില്ലെന്നും രാത്രിയോടെ 34 സ്റ്റേഷനുകൾ അടച്ചിടുമെന്നും ദില്ലി മെട്രോയും വ്യക്തമാക്കിയിട്ടുണ്ട്. രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ഉദ്യോഗ് ഭവന്‍, അടക്കമുള്ള പ്രധാന സ്റ്റേഷനുകളിലെ സര്‍വ്വീസുകൾ തടസ്സപ്പെടും. ദില്ലിയിലേക്കുള്ള സുപ്രധാന ട്രെയിന്‍ സര്‍വ്വീസുകള്‍ രാത്രി എട്ടുവരെ വെട്ടിച്ചുരുക്കാനും ദില്ലി പോലീസിന്റെ നിര്‍ദേശമുണ്ട്. കഴിഞ്ഞ വർഷം ജാട്ട് സമുദായം നടത്തിയ പ്രക്ഷോഭത്തിൽ നിരവധിയാളുകൾ മരിക്കുകയും ഒട്ടേറെയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹരിയാനയിലെ വിവിധ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന-ദില്ലി അതിർത്തിയിൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. കൂടുതൽ സുരക്ഷക്കായി പ്രദേശത്ത് കരസേനയെ വിന്യസിച്ചിട്ടുണ്ട്. സര്‍ക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം വേണമെന്ന ജാട്ട് വിഭാഗക്കാരുടെ ആവശ്യം കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ഹരിയാന സർക്കാർ അംഗീകരിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ജാട്ട് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുമെന്നും ജയിലിൽ കിടക്കുന്നവരുടെ കേസുകൾ പുന:പരിശോധിക്കുമെന്നും സർക്കാർ ഉറപ്പു നൽകിയെങ്കിലും ഇതിലൊന്നും തൃപ്തരാകാതെയാണ് ജാട്ട് വിഭാഗക്കാർ പ്രക്ഷോഭം തുടങ്ങുന്നത്.
