കടന്നു പോകുന്ന ഓരോ പരിസ്ഥിതി ദിനവും നമ്മോട് പറയുന്നത് പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചാണ്. ഇനി വരുന്ന തലമുറയ്ക്ക് പ്രകൃതിയുടെ അമ്യൂലമായ സമ്പത്ത് നിലനിർത്തേണ്ടതിന്റെ ആവശ്യകത. അതിനായി പ്രകൃതിയുടെ പച്ചപ്പിനെ ബാക്കിവെയ്‌ക്കേണ്ടതിന്റെ ആവശ്യകത. പരിസ്ഥിതി ദിനത്തിൽ എമ്പാടുമായി വൃക്ഷത്തൈകൾ നട്ട് പച്ചപ്പിനെ തിരിച്ചു പിടിക്കാൻ ശ്രമിക്കുമ്പോൾ നാം പലപ്പോഴും മനസിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. പ്രകൃതി അതിജീവിക്കുന്നത് എപ്പോഴും ഒരു സന്തുലിതാവസ്ഥയിലൂടെയാണ്. മികച്ച സന്തുലിതാവസ്ഥയും സാഹചര്യങ്ങളും ഒരുങ്ങുമ്പോഴാണ് ഒരു ഇക്കോ സിസ്റ്റം രൂപപ്പെടുന്നതും അതിജീവിക്കുന്നതും. അതിന് കേരളത്തിന് മുമ്പിലുളള മികച്ച മാതൃകയാണ് ജടായുപ്പാറ ടൂറിസം പ്രോജക്ട്.
കേരളം കൊടിയ വരൾച്ചയെയും ജലദൗർലഭ്യത്തെയും നേരിട്ട ദിവസങ്ങൾ കടന്നുപോയപ്പോൾ വൻ പ്രകൃതി ചൂഷണങ്ങൾ തകൃതിയായി നടക്കുമ്പോൾ ഒരു നാടിനെ പ്രകൃതിയോട് ചേർത്ത് വെച്ച, പുത്തൻ ഇക്കോ സിസ്റ്റത്തെ വാർത്തെടുത്ത ചരിത്രമാണ് ജടായു എർത്ത് സെന്റർ എന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷന് പറയാനുള്ളത്. കൊല്ലം ചടയമംഗലത്ത് 65 ഏക്കർ വരുന്ന ജടായുപ്പാറയിലാണ് ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിൽ ഒരു ഇക്കോ സിസ്റ്റം രൂപപ്പെട്ടിട്ടുള്ളത്.

ജലം എത്തിയതോടെ രണ്ടാം ഘട്ടം വനവൽക്കരണത്തിന്റേതായിരുന്നു. ജടായുപ്പാറിൽ നിലനിന്ന മരങ്ങളെയെല്ലാം സംരക്ഷിച്ചുകൊണ്ട് പുതിയവയെ വെച്ചുപിടിപ്പിക്കാൻ തുടങ്ങി. ഔഷധഗുണമുള്ള വൃക്ഷങ്ങൾക്കും സസ്യങ്ങൾക്കുമായിരുന്നു രാജീവ് അഞ്ചൽ മുൻഗണന നൽകിയത്. സോഷ്യൽ ഫോറസ്റ്റ് വിഭാഗത്തിന്റെ സഹായത്തോടെയായിരുന്നു വനവൽക്കരണം ആരംഭിച്ചത്. ഔഷധ സസ്യങ്ങളും വൃക്ഷങ്ങളുമായി 278 വെറൈറ്റികൾ തന്നെ ജടായു എർത്ത് സെന്ററിലുണ്ട്. ഇവയുടെ എണ്ണം ഏതാണ്ട് ആയിരത്തി ഇരുനൂറിന് മുകളിൽ വരും. വൻ വൃക്ഷങ്ങളായി വളരുന്ന ആൽമരങ്ങൾ മുതൽ വിവിധയിനം തുളസിച്ചെടികൾ വരെ ഇക്കൂട്ടത്തിൽ പെടും. കരിനൊച്ചി, ചങ്ങരംപരണ്ട, ലക്ഷമി തരു, വയണ, ചെമ്പകം തുടങ്ങി നിരവധി വൈവിധ്യങ്ങൾ. മൂന്ന് വർഷം മുമ്പ് ആരംഭിച്ച വനവൽക്കരണം ഇപ്പോൾ ആദ്യഘട്ടം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ ജൂൺ അഞ്ചിന് വനവൽക്കരണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇനിയുളള ലക്ഷ്യം പതിനായിരത്തിലേറെ ഔഷധ വ്യക്ഷങ്ങളുടെ പുത്തൻ ആവാസവ്യവസ്ഥ. ഇതിനായി നിരവധി സ്‌കൂൾ കൂട്ടികളെ ചേർത്ത്‌ക്കൊണ്ടാണ് ജടായുപ്പാറ ടൂറിസം വനവൽക്കരണവുമായി മുമ്പോട്ടു പോകുന്നത്. ഓരോ കുട്ടിക്കും ഓരോ മരം നൽകുകയും ആ മരത്തിന്റെ വളർച്ചയിൽ സംരക്ഷകന്റെ റോൾ കുട്ടിക്ക് നൽകുകയും ചെയ്യുന്നു. അങ്ങനെ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത പുതിയ തലമുറയിലേക്ക് പകരുകയും അവരെ പ്രകൃതിയിലേക്ക് ചേർക്കുകയും ചെയ്യുന്നു. വനവൽക്കരണത്തിനായി കൂടുതൽ ജലസമ്പത്ത് സൃഷ്ടിക്കാനായി പ്രോജക്ടിൽ മഴക്കുഴികൾ തീർത്ത് ജലസംഭരണം നടത്തുകയും ഇപ്പോൾ കൂറ്റൻ തടാകം നിർമ്മിക്കുകയും ചെയ്തിരിക്കുന്നു. ജടായു എർത്ത് സെന്റർ മോഡൽ ഇക്കോസിസ്റ്റവും ജലസംരക്ഷണവും ഇന്ന് കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന ഒന്നാണ്.
