ബംഗളൂരു: പഠാൻകോട്ട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളിയായ ലഫ്റ്റനന്റ് കേണൽ ഇ കെ നിരഞ്ജന്‍റെ വീട് കൈയ്യേറ്റമെന്ന് ആരോപിച്ച് പൊളിച്ചു നീക്കാന്‍ ബംഗളൂരു മഹാനഗരസഭ. ഇതിന്‍റെ ഭാഗമായി വീടിന്‍റ മതിൽ ഇന്നു രാവിലെ അധികൃതർ പൊളിച്ചുനീക്കി. പകരം സംവിധാനം ഒരുക്കാന്‍ സാവകാശം വേണമെന്ന് നിരഞ്ജന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കണക്കിലെടുക്കാതെയാണ് ബിബിഎംപിയുടെ തിരക്കിട്ട നടപടി.

പനിനഞ്ച് വർഷം മുമ്പ് ബംഗളുരു മഹാനഗര പാലികയുടെ അനുമതിയോടെ നിർമ്മിച്ച വീടാണ് കയ്യേറ്റമെന്ന് ചൂണ്ടിക്കാട്ടി ബിബിഎംപി പൊളിച്ചനീക്കാൻ ഒരുങ്ങുന്നത്. വീടിന്‍റെ രണ്ടാം നിലയെ താങ്ങി നിർത്തുന്ന തൂൺ പൊളിച്ചുമാറ്റുമെന്ന് കഴിഞ്ഞ ദിവസം മാത്രമാണ് ബിബിഎംപി നിരഞ്ജന്റെ ബന്ധുക്കളെ അറിയിച്ചത്.

എന്നാൽ ഇതിന് സാവകാശം നൽകണമെന്നും പകരം സംവിധാനം ഒരുക്കിയ ശേഷം തൂൺ തങ്ങൾ തന്നെ പൊളിച്ചുനീക്കാമെന്നും കുടുംബാംഗങ്ങൾ അധികൃതരെ അറിയിച്ചെങ്കിലും അനുകൂല മറുപടിയൊന്നും ലഭിച്ചിട്ടില്ല. തുടര്‍ന്ന് ഇന്ന് രാവിലെ വീടിന്റെ ചുറ്റുമതിൽ ബിബിഎംപി പൊളിച്ചുനീക്കുകരയായിരുന്നു.

നിര‌ഞ്ജന്റെ വീട് കയ്യേറ്റത്തിന്റെ പട്ടികയിൽ പെടുത്തി പൊളിച്ചുനീക്കുന്നെതിരെ ബിജെപി രംഗത്തെത്തി. രാജ്യത്തിനായി ജീവൻ ബലികൊടുത്തവരെ സർക്കാർ അപമാനിക്കരുതെന്ന് ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ ആവശ്യപ്പെട്ടു. അതേ സമയം നിര‍ഞ്ജന്റെ ബന്ധുക്കൾക്ക് ആവശ്യമെങ്കിൽ പകരം സംവിധാനം നൽകുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വരയ്യ അറിയിച്ചു.