ചെന്നൈ : മാസങ്ങള്‍ പിന്നിട്ടിട്ടും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇനിയും അകലുന്നില്ല. അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നുവെന്ന ഡോക്ടര്‍ രാമസീതയുടെ വെളിപ്പെടുത്തലാണ് ഇതുസംബന്ധിച്ച് ഒടുവിലായി പുറത്തു വന്നത്.
എന്നാല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ അവിടെ നിന്നും ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡോ.രാമസീതയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള പത്രവാര്‍ത്ത ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ പത്രകട്ടിംങ്സിന് സ്ഥിരീകരണം ഒന്നുമില്ല.
ലണ്ടനില്‍ നിന്നുള്ളതെന്ന് പറയുന്ന 'റേഡിയന്റ്' എന്ന പത്രക്കട്ടിംഗാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 22 ന് പനിയും നിര്‍ജ്ജലീകരണവും മൂലം അപ്പോളോയില്‍ പ്രവേശിക്കപ്പെട്ട ജയലളിതയ്ക്ക് അവിടുത്തെ ചികിത്സ ഫലിക്കാതിരുന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ എത്തിച്ചുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ അപ്പോളോയില്‍ എത്തുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് അതീവ രഹസ്യമായാണ് ജയയെ അവിടെ നിന്നും ലണ്ടനില്‍ എത്തിച്ചത്. എന്നാല്‍, ജയലളിത അപ്പോളോയില്‍ ലണ്ടനിലെ ഡോക്ടറുടെ പരിചരണത്തിലാണ് എന്നായിരുന്നു പ്രചരിപ്പിച്ചത്.
അപ്പോളോയില്‍ എത്തിയ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ജയലളിതയെ കാണാന്‍ അനുമതി നല്‍കാതിരുന്നത് അന്നുതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. ജയയെ ലണ്ടനിലേയ്ക്ക് കൊണ്ടുപോയ വാര്‍ത്ത പുറത്താകാതിരിക്കാനാണ് ഒ.പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള ജയയുടെ വിശ്വസ്തര്‍ക്കും പ്രമുഖര്‍ക്കും ആശുപത്രി അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്.
എന്നാല്‍ ലണ്ടനില്‍ ഇത്തരത്തില്‍ ഒരു പത്രമില്ലെന്നും, എഐഎഡിഎംകെയുടെ ശത്രുക്കളാണ് ഇതിന് പിന്നില്‍ എന്നാണ് ഇത് സംബന്ധിച്ച് ജയലളിതയുടെ പാര്‍ട്ടിയുടെ വിശദീകരണം. തമിഴ്നാട്ടിലെ ബിജെപി ഗ്രൂപ്പുകളിലാണ് ഈ സന്ദേശം ആദ്യം പ്രചരിച്ചത് എന്നും ഇവര്‍ ആരോപിക്കുന്നു. ഇതിന് എതിരെ നിയമനടപടി ആവശ്യമെങ്കില്‍ സ്വീകരിക്കും എന്നും ഇവര്‍ വ്യക്തമാക്കുന്നു.
