
കല്‍പ്പറ്റ: സംസ്ഥാനത്തെ ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ മറവില്‍ മുൻ മന്ത്രി പി കെ ജയലക്ഷ്മിയുടെ കുടുംബവും സ്റ്റാഫും തട്ടിയെടുത്തത് ഒന്നരകോടിയിലധികം രൂപ. ജയലക്ഷ്മിയുടെ മുഴുവൻ ബന്ധുക്കളുടെയും കടം പദ്ധതിയിലൂടെ എഴുതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്ത് മറ്റൊരിടത്തും കടമെഴുതി തള്ളൽ നടന്നിട്ടുമില്ല. മാനന്തവാടിയിലാണ് കടാശ്വാസ പദ്ധതിപ്രകാരം വകയിരുത്തിയ പണം വിതരണം ചെയ്തത്. കുടുംബത്തിനുവേണ്ടി മന്ത്രി ട്രൈബൽ വകുപ്പിനെക്കൊണ്ട് നടത്തിയ തട്ടിപ്പിന്റെ മുഴുവന്‍ രേഖകളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റിലെ പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍ തിരുത്തിച്ചാണ് അഴിമതി നടത്തിയത്. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 2010 വരെയുള്ള ലോണുകള്‍ക്ക് കടാശ്വാസം നല്‍കിക്കൊണ്ട് 2014ലെ ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. 2015 സെപ്റ്റംബര്‍ 9 ന് ചേര്‍ന്ന മന്ത്രിസഭായോഗമായിരുന്നു പദ്ധതിയുടെ നടത്തിപ്പ് തീരുമാനിച്ചത്. എന്നാല്‍ മന്ത്രിസഭായോഗം 2010വരെയുള്ളത് എന്നത് മാറ്റി 2014 മാര്‍ച്ച് വരെയുള്ള കടങ്ങള്‍ക്കാക്കി പദ്ധതി പ്രഖ്യാപിച്ചു. പരിധി ഒരുലക്ഷമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിനായി രണ്ടുകോടി രൂപ വകയിരുത്തുകയും ചെയ്തു. ഒക്ടോബര്‍ ഒന്നിനാണ് ഉത്തരവിറങ്ങിയത്. 2014 മാര്‍ച്ച് 31ന് മുമ്പ് കുടിശ്ശികയായതും സര്‍ക്കാര്‍ ശമ്പളം പറ്റാത്തതുമായ പട്ടികവര്‍ഗ്ഗകാരുടെ ഒരുലക്ഷത്തില്‍ താഴെയുള്ള ലോണുകള്‍ മാത്രമാണ് കടാശ്വാസ പദ്ധതി ബാധകമാകുക. ഒരുകുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമായിരുന്നു യോഗ്യത.
ഈ ഉത്തരവിന്റെ വെളിച്ചത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളമാകമാനം യുഡിഎഫ് പട്ടികവര്‍ഗ്ഗക്കാരുടെ വോട്ടുപിടിച്ചു.പക്ഷെ കടമെഴുതിതള്ളുന്നതിന്റെ ഗുണം അര്‍ഹരായ ആര്‍ക്കും കിട്ടിയില്ല എവിടെപോയി ഈ പണം. ഇതറിയാന്‍ ഞങ്ങള്‍ മുന്‍ മന്ത്രി പികെ ജയലക്ഷ്മിയുടെ മണ്ഡലത്തില്‍ തന്നെ പരിശോധിച്ചു. ജയലക്ഷ്മിയുടെ വാര്‍ഡിലെ ബാങ്കില്‍ എഴുതി തള്ളിയവരുടെ ലിസ്റ്റ് പരിശോധിച്ചു. ജയലക്ഷ്മിയുടെ കുടുബമായ പാലോട്ടെ വള്ളന്‍ എഴുതിതള്ളിയത് 2,12 761 രൂപ. പാലോട്ട് അച്ചപ്പന്‍ 2,02959 രുപ, മറ്റോരു പാലോട്ട് അപ്പച്ചന് 1,29016 രൂപ, പാലോട്ട് ഗോപി 1,81,100, പാലോട്ട് കീരന്‍ 1,02380, ആലകണ്ടി അണ്ണന്‍ 1,02917. സ്വന്തം കുടുബക്കാര്‍ക്കുവേണ്ട ജയലക്ഷ്മി ചെയ്ത നിയമലംഘനമാണിത്. വീണ്ടും പരിശോധിച്ചപ്പോള്‍ മനസിലായി കാട്ടിമൂല ബാങ്കില്‍ എഴുതിതള്ളിയ 23, 83818 രൂപയും ജയലക്ഷ്മിയുടെ ബന്ധുക്കളുടേത്. പട്ടികവര്‍ഗ്ഗവകുപ്പ് നല്‍കിയ വിവരങ്ങള്‍ സത്യമാണോ എന്നറിയാല്‍ ഞങ്ങള്‍ ബാങ്കില്‍ പോയി. മുഴുവന്‍ പണവും സര്‍ക്കാര്‍ തന്നെന്ന് ബാങ്ക് മാനേജരും ഉറപ്പിച്ചുപറഞ്ഞു.
കടാശ്വാസ പദ്ധതിക്കായി രണ്ടുകോടി ബജറ്റില്‍ വകയിരുത്തിയപ്പോള്‍ മാനന്തവാടിയില്‍ മാത്രം രണ്ടു ഘട്ടങ്ങളായി നല്‍കിയത് 2,69 82431 രൂപ. ഇതില്‍ ഒന്നരകോടിയിലധികം നല്‍കിയിരിക്കുന്നത് മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയുടെ ബന്ധുക്കള്‍ക്ക്. പാലോട്ട് ചുള്ളിയില്‍ എടമന കാപ്പുമ്മല്‍ ആലക്കല്‍ പരിഞ്ചോല ഇറോക്കല്‍ തുടങ്ങി ജയലക്ഷ്മിയുടെ മുഴുവന്‍ കുടുംബവിടുകളുടെയും കടം എഴുതി തള്ളി. 2010 മാര്‍ച്ചുവരെയുള്ള ലോണുകളാണ് തള്ളുന്നതെങ്കില്‍ ഇവരില്‍ 90ശതമാനവും പുറത്താകും. ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പണം വാങ്ങിക്കൊടുക്കാന്‍ ബജറ്റുപോലും അട്ടിമറിച്ചു നടത്തിയ തട്ടിപ്പ്. തുടര്‍ന്ന് ലോണ്‍ എഴുതിതള്ളിയ 857ആളുകളെയും ഞങ്ങള്‍ പരിശോധിച്ചു. ജയലക്ഷ്മയുടെ സമുദായമായ കുറിച്യര്‍ വിഭാഗത്തിലെ 95 ശതമാനവും ഉയര്‍ന്ന സാമ്പത്തിക ശേഷിയുളളവരായതിനാല്‍ ഭൂരിഭാഗവും അനര്‍ഹര്‍. നാലു ശതമാനം കുറുമര്‍ വയനാട്ടില്‍ എറ്റവും പിന്നോക്കം നില്‍ക്കുന്ന പണിയ അടിയ കാട്ടുനായ്ക വിഭാഗങ്ങളെ പരിഗണിച്ചുപോലുമില്ല. മാനന്തവാടിയോഴികെ സംസ്ഥാനത്തെ മറ്റോരു മണ്ഡലത്തിലും കര്യാമായ കടമെഴിതിതള്ളല്‍ നടന്നിട്ടുമില്ല. എഴുതിതള്ളിയതെല്ലാം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണെന്നതാണ് മറ്റോരു ശ്രദ്ധേയമായ കാര്യം. അന്ന് മന്ത്രിയായിരുന്ന ജയലക്ഷ്മി സ്വജനപക്ഷപാതം കാട്ടി കോടികള്‍ തട്ടിയെടുത്തപ്പോള്‍ ഇരുട്ടിലായത് പണിയ അടിയ കാട്ടുനയ്കക വിഭാഗങ്ങളാണ്.
