Asianet News MalayalamAsianet News Malayalam

പുരട്ചി തലൈവി ജയലളിത വിടവാങ്ങിയിട്ട് ഒരുവര്‍ഷം

jayalalitha death anniversary
Author
First Published Dec 5, 2017, 9:05 AM IST

ചെന്നൈ: തമിഴ്നാടിന്‍റെ പുരട്ചി തലൈവി ജയലളിത അന്തരിച്ചിട്ട് ഇന്ന് ഒരു വർഷം. ആ മരണം അണ്ണാ ഡിഎംകെ എന്ന പാർട്ടിയെ പിളർത്തിയപ്പോൾ ഇതിനു പിന്നിലെ ബിജെപി സ്വാധീനത്തിനെതിരെ തമിഴകത്ത് മറ്റ് ദ്രാവിഡപാർട്ടികൾ ഒന്നിക്കുകയാണ്. കമല്‍ഹാസന്‍ ഉൾപ്പടെയുള്ളവരുടെ ഭാവിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ തെളിയിക്കും. മൂന്ന് മാസത്തെ ആശുപത്രിവാസത്തിനു ശേഷം തമിഴകത്തിന്‍റെ പ്രിയപ്പെട്ട പുരട്ചി തലൈവി ജയലളിതയുടെ മരണം ദ്രാവിഡരാഷ്ട്രീയത്തിന്‍റെ ഗതി തിരിച്ചുവിട്ടു.

ശശികലയും ദിനകരനും ഒ. പനീർശെൽവവും എടപ്പാടി പളനിസ്വാമിയും അധികാരത്തിന് വേണ്ടി കലഹിച്ചപ്പോൾ രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക പാർട്ടിയായ അണ്ണാ ഡിഎംകെയുടെ ഒന്നരക്കോടി വോട്ടുബാങ്കും ചിന്നിച്ചിതറി. ഗുജറാത്തിലെ മോദിയേക്കാൾ നല്ലത് തമിഴ്നാട്ടിലെ ഈ ലേഡിയാണെന്ന് സംസ്ഥാനത്തിന്‍റെ വളർച്ചാ നിരക്കിന്‍റെ കണക്കെണ്ണിപ്പറഞ്ഞ് ജയലളിത പ്രചാരണം നടത്തി മൂന്ന് വർഷം പിന്നിടുമ്പോഴേയ്ക്ക് അണ്ണാ ഡിഎംകെയിലെ മന്ത്രിമാർ ഇന്ന് കേന്ദ്രസർക്കാരിനോടുള്ള വിധേയത്വത്തിന്‍റെ പാതയിലാണ്. റെയ്ഡുകളുടെയും പിളർപ്പുകളുടെയും ഒരു വർഷത്തിനിടെ തമിഴ്നാട്ടിലുണ്ടായത് രണ്ട് മുഖ്യമന്ത്രിമാർ. 

വിശ്വാസവോട്ടിലെ കോഴയും പാർട്ടിയിലെ അന്തച്ഛിദ്രവുമായി ആടിയുലഞ്ഞ് നിൽക്കുന്ന അണ്ണാ ഡിഎംകെ സർക്കാരിന്‍റെ പ്രതിസന്ധി മുതലെടുക്കുന്നത് ഡിഎംകെയാണ്. ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിയ്ക്കാൻ 24 വർഷങ്ങൾക്ക് ശേഷം വൈകോ തീരുമാനിച്ചപ്പോൾ കാരണമായി ചൂണ്ടിക്കാട്ടിയത് അണ്ണാ ഡിഎംകെയിൽ ചരടുവലിയ്ക്കുന്ന ബിജെപിയെ. അതികായരില്ലാത്ത ദ്രാവിഡരാഷ്ട്രീയത്തിലെ ശൂന്യത കമൽഹാസനും രജനീകാന്തിനും ഗുണമാകുമോ എന്നും കാലം തെളിയിയ്ക്കും.
 

Follow Us:
Download App:
  • android
  • ios