ഇന്നലെ വൈകീട്ട് 5.30ഓടെയാണ് ജയലളിതക്ക് ഹൃദയാഘാതമുണ്ടായത്. നില അതീവഗുരുതരമായ ജയലളിതയെ തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി. ഹൃദയവും ശ്വാസകോശവും യന്ത്രത്തിന്റെ സഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്. ജയയെ ചികിത്സിച്ചിരുന്ന ലണ്ടനിലെ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയിലിന്റെ സഹായം അപ്പോളോ ആശുപത്രി അധികൃതര്‍ തേടിയിട്ടുണ്ട്. ദില്ലി എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘവും ചെന്നൈയിലെത്തും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ അടിയന്തിര മന്ത്രിസഭാ യോഗം ചേര്‍ന്നു. മുംബൈയിലായിരുന്ന തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ ജയയുടെ തല്‍സ്ഥിതി സംബന്ധിച്ച് ആരുടെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല.  വിവരമറിഞ്ഞ് ആയിരങ്ങളാണ് അപ്പോളോ ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയത്.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അപ്പോളോ ആശുപത്രിയും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. 9 കമ്പനി ദ്രുത കര്‍മ്മസേനയും ബി.എസ്.എഫും ചെന്നൈയിലെത്തും. തമിഴ്നാട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ട്. കേരളവും കര്‍ണാടകവുമടക്കമുള്ള സംസ്ഥാനങ്ങളും ജാഗ്രതയിലാണ്. ദേശീയപാതകളിലും ടോള്‍ പ്ലാസകളിലും അതിര്‍ത്തി ഗ്രാമങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ശബരിമലയിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ ചെന്നൈ എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തിന് മുന്നില്‍ ഒരു പ്രവര്‍ത്തകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.