ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി പദവിക്കപ്പുറം, പ്രധാനമന്ത്രി സ്ഥാനം കാംക്ഷിച്ചിരുന്നു ജെ.‍ജയലളിത.അപുർവ സന്ദർഭങ്ങളിൽ മാത്രമാണ് ‍ജയലളിത മാധ്യമങ്ങളോട് സംസാരിച്ചിരുന്നത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ഞങ്ങൾക്ക് അതിന് അവസരം ലഭിച്ചപ്പോൾ അവർ ആഗ്രഹങ്ങൾ ഒളിച്ചുവച്ചില്ല.

എ.ഐ.‍ഡി.എം.കെക്കും,സഖ്യ കക്ഷികൾക്കും നിർണ്ണായകമായ വോട്ട് / സീറ്റ് ലഭിച്ചാൽ,ആരാവും പ്രധാനമന്ത്രി എന്നത് നിശ്ചയിക്കാൻ തമിഴ്നാടിനാവുമെന്നായിരുന്നു ജയ അന്നു പറഞ്ഞത്. ഒരു സിനിമാ ലൊക്കേഷൻ പോലെയായിരുന്നു നാഗർകോവിലിലെ ജയലളിതയുടെ 2009 ലോക്സഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ. ഭരണത്തിന് പുറത്തായിരുന്നപ്പോഴും അവിടത്തെ പൊലിമയ്ക്ക് ഒരു കുറവുമുണ്ടായിരുന്നില്ല. അന്നത്തെ മുഖ്യമന്ത്രി കരുണാനിധിക്ക് എതിരെ രൂക്ഷമായ ആക്രമണമായിരുന്നു പ്രചാരണവേദികളിലെല്ലാം ജയലളിത അഴിച്ചുവിട്ടത്.

സാധാരണയായി ജയലളിതയുടെ പൊതുയോഗങ്ങളിൽ മാധ്യമങ്ങൾക്ക് ദൂരെ നിൽക്കാനെ അനുവാദമുള്ളു. ഞങ്ങൾ മുൻകൂട്ടി അഭിമുഖം ചോദിച്ചിരുന്നുവെങ്കിലും, തിരക്കെന്നായിരുന്നു മറുപടി. പെട്ടെന്ന് അവരുടെ ഹെലികോപ്ടറിന് ചെറിയ സാങ്കേതിക തകരാറുണ്ടെന്ന് അറിയിപ്പ് വന്നതോടെ ജയലളിത സംസാരിക്കാൻ തയ്യാറായി. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി.

കോൺഗ്രസിനും ബി ജെ പിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ ദേവഗൗഡയെപ്പെലെ പ്രധാനമന്ത്രിയാകാൻ പറ്റുമോയെന്ന കണക്കുകൂട്ടലിലാണ് അവരെന്ന് സൂചിപ്പിക്കുന്നതായിരുന്നു അന്നത്തെ ജയലളിതയുതെ വാക്കുകൾ.