ചെന്നൈ: ശശികലയുടെയും ജയളിതയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടന്നതിന് പിന്നാലെ പ്രതികരണവുമായി ശശികലയുടെ സഹോദരന്‍ വി. ദിവാകരന്‍.

ജീവിച്ചിരിക്കുന്ന സമയത്ത് ശശികലയെ ജയലളിത ഉപയോഗിക്കുകയായിരുന്നു എന്നും പില്‍ക്കാലത്ത് യാതൊരു സുരക്ഷിതത്വവും അവര്‍ ഒരുക്കിയില്ലെന്നും ദിവാകരന്‍ പറഞ്ഞു. ഒരു ശക്തയായ നേതാവ് പറയുന്നതെല്ലാം കേട്ട് അതുപോലെ പ്രവര്‍ത്തിച്ചു. എന്നാല്‍ പിന്നീട് അവരെ സുരക്ഷിതമല്ലാത്ത ഒരിടത്ത് തള്ളിയിട്ട് പോയി. പരജയപ്പെട്ട സ്ത്രീകള്‍ക്ക് ഒരു ഉദാഹരണമാണിത്. എല്ലാവര്‍ക്കും ഇതൊരു പാഠമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ശശികലയുമായി ബന്ധമുള്ളവരെയെല്ലാം പരിശോധിക്കുന്നതിന്റെ ഭാഗമായി ദിവാകരന്റെ വീട്ടിലും ഓഫീസിലുമടക്കം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. 

ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ നിന്ന് പെന്‍ഡ്രൈവുകളും ലാപ്‌ടോപുകളും കണ്ടെത്തിയ സംഭവത്തില്‍ താന്‍ ആ വസതിയുമായി കാലങ്ങളായി ബന്ധം പുലര്‍ത്തുന്നില്ലെന്നായിരുന്നു ദിവാകരന്റെ പ്രതികരണം. എന്റെ വീട്ടില്‍ നിന്ന് ഇത്തരത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദിവാകരന്റെ പ്രതികരണം മനപ്രയാസം കൊണ്ടാണെന്ന് മരുമകന്‍ ടി.ടി.വി ദിനകരന്‍ പ്രതികരിച്ചു.