ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 21 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. 24 നാണ് വോട്ടെണ്ണല്‍. ജയലളിതയുടെ മരണത്തോടെ ഒഴിഞ്ഞു കിടന്ന സ്ഥാനത്തിലേക്ക് ഡിസംബര്‍ 31 നകം പ്രതിനിധിയെ കണ്ടെത്തണമെന്ന് മൂന്ന് ദിവസം മുമ്പ് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.
തെരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്‍ തന്റെ സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചുകഴിഞ്ഞു. ഔദ്യോഗിക അണ്ണാ ഡിഎംകെ പക്ഷത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഇ.പളനിസ്വാമി-ഒ.പനീര്‍സെല്‍വം വിഭാഗങ്ങള്‍ തമ്മില്‍ ധാരണയിലെത്തേണ്ടതുണ്ട്. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഏപ്രില്‍ 10 ന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും വന്‍തുക ചെലവഴിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇരു പാര്‍ട്ടികളും ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു.
ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയിലുണ്ടായ പിളര്‍പ്പും രണ്ടില ചിഹ്നത്തിന്റെ അവകാശത്തര്‍ക്കങ്ങളും തുടരുന്നതിനിടെയാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങുന്നത്. പനീര്‍ശെല്‍വം-ശശികല വിഭാഗങ്ങള്‍ തമ്മിലായിരുന്നു ആദ്യ തര്‍ക്കം. രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച പനീര്‍ ശെല്‍വം-പളനി സ്വാമി വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ തര്‍ക്കം ശശികല വിഭാഗവും- ഒപിഎസ്-ഇപിഎസ് പക്ഷവും തമ്മിലായി. ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ടില ചിഹ്നത്തിന് അവകാശവാദവുമായി ഇരു വിഭാഗങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി. അതിനിടെയാണ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഉപയോഗിച്ചുവെന്ന കണ്ടെത്തലില്‍ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുകയും രണ്ടില ചിഹ്നം മരവിപ്പിക്കുകയും ചെയ്തത്. രണ്ടിലചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചതിന് ടിടിവി ദിനകരന്‍ അറസ്റ്റിലാകുകയും ചെയ്തു.
ഒടുവില്‍ ഇരു വിഭാഗത്തിന്റേയും വാദം കേള്‍ക്കുകയും സത്യവാങ്മൂലം പരിശോധിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒപിഎസ്-ഇ-പിഎസ് പക്ഷത്തിന് ഭൂരിഭാഗം എംഎല്‍എമാരുടേയും പിന്തുണയെന്ന് കണ്ടെത്തി തീര്‍പ്പ് കല്‍പ്പിച്ചു. ഇതോടെ ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒപിഎസ്-ഇപിഎസ് വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ടി ടിവി ദിനകരന്‍.
