നവംബര്‍ 19ന് ഒരു മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ എ.ഐ.എ.ഡി.എം.കെയുടെ സ്ഥാനാര്‍ത്ഥിയായ എ.കെ ബോസിന്റെ നാമനിര്‍ദ്ദേശ പത്രികയോടൊപ്പമാണ് ജയലളിതയുടെ വിരലടയാളം പതിപ്പിച്ച കത്ത് നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഔദ്ദ്യോഗിക സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്റെ സാക്ഷ്യപത്രം വേണമെന്നാണ് ചട്ടം. എന്നാല്‍ ജയലളിത അടുത്തിടെ ട്രക്കിയോസ്റ്റമി ശസ്ത്രക്രിയക്ക് വിധേയയായെന്നും വലതുകൈക്ക് ചില പ്രശ്നങ്ങളുണ്ടെന്നും അതുകൊണ്ട് ഇടത് കൈയിലെ വിരലടയാളം പതിപ്പിച്ചിരിക്കുകയാണെന്നും സാക്ഷ്യപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ സാന്നിദ്ധ്യത്തിലാണ് ജയലളിത ഒപ്പിട്ടതെന്ന് മദ്രാസ് മെഡിക്കല്‍ കോളേജിലെ മിനിമസ് ആക്സസ് സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ.പി ബാലാജി അറ്റസ്റ്റ് ചെയ്തിട്ടുമുണ്ട്. അപ്പോളോ ആശുപത്രിയിലെ ഡോ. ബാബു കെ. എബ്രാഹാമാണ് സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്.