തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ അവസാനിപ്പിച്ച് നാല്‍പത്തിനാല് ദിവസത്തിന് ശേഷമാണ് അപ്പോളോ ആശുപത്രി അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തുന്നത്. ചികിത്സയില്‍ ജയലളിത പൂര്‍ണതൃപ്തയാണെന്നും വിദഗ്ധമെ!ഡിക്കല്‍ സംഘത്തിന്റെ കൂട്ടായ ശ്രമത്തിലൂടെയാണ് അവരുടെ അസുഖം ചികിത്സിച്ച് ഭേദമാക്കാനായതെന്നും അപ്പോളോ ഗ്രൂപ്പ് മേധാവി സി പ്രതാപ് റെഡ്ഡി വ്യക്തമാക്കി. കഴിഞ്ഞ മാസം 21 ആം തീയതി പുറത്തുവന്ന, ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചികിത്സ തുടരുകയാണെന്നും പറയുന്ന ഒരു വാര്‍ത്താക്കുറിപ്പിനു ശേഷം, അവരുടെ ആരോഗ്യനിലയെക്കുറിച്ച് ഒരു വിവരവും ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നില്ല. അസുഖം പൂര്‍ണമായി ഭേദമായെന്ന് ആശുപത്രി അധികൃതര്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ അപ്പോളോയില്‍ നിന്ന് ജയലളിതയെ പോയസ് ഗാര്‍ഡനിലുള്ള വസതിയിലേയ്ക്ക് തന്നെയാകും മാറ്റുകയെന്നാണ് സൂചന. സെപ്റ്റംബര്‍ 22ന് രാത്രിയാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പനിയും നിര്‍ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ജയലളിതയ്ക്ക് അണുബാധയുണ്ടെന്നും ശ്വാസതടസ്സമുണ്ടെന്നും ശ്വസനസഹായം നല്‍കുന്നുണ്ടെന്നും അപ്പോളോ ആശുപത്രി വ്യക്തമാക്കി. ലണ്ടനില്‍ നിന്നുള്ള തീവ്രപരിചരണവിദഗ്ധന്‍ ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്|ല്‍, ദില്ലി എയിംസില്‍ നിന്നുള്ള മൂന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പടെ വിദഗ്ധസംഘത്തെത്തന്നെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ജയലളിതയുടെ ചികിത്സയ്ക്കായി അപ്പോളോയിലെത്തിച്ചത്.