കോട്ടയം:ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെയും സഹപ്രവർത്തകരെയും അപമാനിച്ച കെസിബിസി മാപ്പ് പറയണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ. ബിഷപ്പ് ഫ്രാങ്കോയെ ക്രിസ്തുവിനോട് ഉപമിച്ച കാഞ്ഞിരപ്പള്ളി ബിഷപ്പ് ക്രിസ്തീയ വിശ്വാസത്തെ വെല്ലുവിളിച്ച് പരിഹസിച്ചുവെന്നും ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍. ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കെസിബിസി കുറ്റപ്പെടുത്തിയിരുന്നു. കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായ പ്രസ്താവനകളായിരുന്നു കെസിബിസിയുടേത്. 

അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പാക്കണമെന്നും കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാടെന്നും കെസിബിസി നേരത്തേ പറഞ്ഞിരുന്നു.കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ  യേശുക്രിസ്തുവിനോടാണ് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍ താരതമ്യം ചെയ്തത്.  മുൻ ജലന്ധർ രൂപതാദ്ധ്യക്ഷന് പൂർണ്ണ പിന്തുണയുമായാണ് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കലും സഹായമെത്രാൻ മാർ ജോസ് പുളിക്കലും പാലാ സബ് ജയില്‍ സന്ദര്‍ശിച്ചത്. 

ഫ്രാങ്കോ മുളയ്ക്കൽ തെറ്റുകാരനാണെന്ന് അനാവശ്യം പറയരുത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് കോടതി തീരുമാനിക്കട്ടെ. കോടതി വിധി സ്വന്തമായി ആരും വിധിക്കണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികൾ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റുകാരാണോ എന്നും മാർ മാത്യു അറയ്ക്കൽ സന്ദര്‍ശനത്തിന് ശേഷം ചോദിച്ചിരുന്നു.