ജാതി സമവാക്യങ്ങള്‍ക്ക് വിധി നിര്‍ണ്ണയിക്കുന്ന കര്‍ണ്ണാടകയില്‍ ഇത് അസംഭവ്യമല്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ബംഗളുരു: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് - ജെഡിഎസ് പക്ഷവും ബിജെപി പക്ഷവും വിജയ പ്രതീക്ഷ മാത്രമാണ് പങ്കുവെയ്‌ക്കുന്നത്. കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിയ്‌ക്കാന്‍ ബിജെപി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുകയാണെന്ന് ഇന്നലെത്തന്നെ ആരോപണമുയര്‍ന്നു. ഒരു എംഎല്‍എയ്‌ക്ക് 100 മുതല്‍ 150 കോടി വരെ രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദ സന്ദേശങ്ങളും ഇന്നലെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആറ് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഇന്ന് രാവിലെ ജെ.ഡി.എസ് വൃത്തങ്ങള്‍ അവകാശപ്പെട്ടത്. ഇവരെല്ലാം വൊക്കലിഗ സമുദായക്കാരാണെന്നും ജെഡിഎസ് അവകാശപ്പെടുന്നു. 

ജാതി സമവാക്യങ്ങള്‍ക്ക് വിധി നിര്‍ണ്ണയിക്കുന്ന കര്‍ണ്ണാടകയില്‍ ഇത് അസംഭവ്യമല്ലെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തങ്ങളുടെ രണ്ട് എംഎല്‍എമാരെ ബി.ജെ.പി ചാക്കിട്ടുപിടിച്ചെന്ന് ഇന്നലെ ജെഡിഎസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിയുടെ ആറ് എംഎല്‍എമാരെ തിരിച്ചുപിടിച്ചുവെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ വാദം. വൈകുന്നേരത്തെ വിശ്വാസ വോട്ടെടുപ്പില്‍ എന്ത് സംഭവിക്കുമെന്നുള്ളത് ഇപ്പോഴും അവ്യക്തമായി തന്നെ തുടരുന്നു.