വകുപ്പ് വിഭജനത്തില്‍ തര്‍ക്കമുണ്ട്, ആത്മാഭിമാനം പണയം വച്ച് മുഖ്യമന്ത്രിയായി തുടരില്ല

ബെംഗളൂരു: കര്‍ണാടകയില്‍ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കുമാരാസ്വാമി. ചില പ്രശ്നങ്ങളുണ്ടെന്ന് സമ്മതിക്കുന്നതായും എന്നാല്‍ സര്‍ക്കാരിന്‍റെ നിലനില്‍പിനെ അത് ഒരിക്കലും ബാധിക്കില്ലെന്നും കുമാരസ്വാമി ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പ്രശ്നങ്ങളെ അഭിമാന പ്രശ്നമായി എടുക്കുന്നില്ല. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആത്മാഭിമാനം പണയംവച്ച് മുഖ്യമന്ത്രിയായി തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകയില്‍ 78 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് വകുപ്പ് വിഭജനത്തില്‍ ആവശ്യമായ പ്രാതിനിധ്യം ലഭിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം. ജെ‍ഡിഎസിലും വിഭജനം സംബന്ധിച്ച് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്ത് വിലകൊടുത്തും സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകണമെന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെ തീരുമാനം. കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുമായ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇത് സംബന്ധിച്ച അന്തിമ തീരുമാനം.