ജോസ് തെറ്റയിൽ ഏഷ്യാനെറ്റ് ന്യൂസിനോട്

ബംഗളുരു: കർണാടകത്തിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ ദേവഗൗഡക്കൊപ്പം ഉണ്ടാകില്ലെന്ന് ജെഡിഎസ് കേരള ഘടകം. രഹസ്യ ധാരണ ആരോപണമുയരുന്നത് കേരളത്തിൽ പാർട്ടിക്ക് തിരിച്ചടിയെന്ന് നേതാക്കൾ. എച്ച് ഡി കുമാരസ്വാമിയെ കേരള നേതാക്കൾ നിലപാടറിയിച്ചു. ബിജെപി സഖ്യം ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിന് എതിരാവുമെന്ന് വൈസ് പ്രസിഡന്‍റ് ജോസ് തെറ്റയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം തുടങ്ങിയതിന് പിന്നാലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ്-ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണം കോൺ​ഗ്രസ് ശക്തമാക്കിയ സാഹചര്യത്തിലാണ് കേരള ഘടകം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ജനതാദളിനെ തലോടിയുളള മോദിയുടെ പ്രസംഗങ്ങളേക്കാൾ വലിയ തെളിവ് ഇനി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. 

അതേസമയം 2006ലെപ്പോലെ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ മകൻ കുമാരസ്വാമി കുടുംബത്തിലുണ്ടാകില്ലെന്ന് ദേവഗൗഡ പറഞ്ഞിരുന്നു. ജെഡിഎസ് അധ്യക്ഷന്‍റെ വൈകാരിക നിലപാടോടെ ബിജെപി ജെഡിഎസ് സഖ്യസാധ്യതകൾ അവസാനിച്ചുവെന്ന് വിലയിരുത്തലുണ്ടായി. എന്നാലതിന് ഒരു ദിവസത്തെ ആയുസ്സുണ്ടായില്ല. ചാമരാജനഗറിലെയും ഉഡുപ്പിയിലെയും മോദിയുടെ റാലികൾ രഹസ്യധാരണക്ക് തെളിവായി കോൺഗ്രസ് ആയുധമാക്കുകയാണ്. 

മൈസൂരു മേഖല ജെഡിഎസിന്‍റെ കോട്ടയായിട്ടും അവിടെ അവർക്കെതിരെ മോദി ഒന്നും പറഞ്ഞില്ല. ഉഡുപ്പിയിലാകട്ടെ ദേവഗൗഡയെ വാനോളം പുകഴ്ത്തി. അമിത് ഷായും കുമാരസ്വാമിയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ ആരോപിച്ച സിദ്ധരാമയ്യ ഇപ്പോൾ മോദിയുടെ ഉഡുപ്പി പ്രസം​ഗം ആയുധമാക്കിയെടുത്താണ് എതിരാളികൾക്കെതിരെ ആഞ്ഞടിക്കുന്നത്. 

ദേവഗൗഡയെ വൃദ്ധസദനത്തിലയക്കണമെന്നാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് മോദി പറഞ്ഞത്. അതേ മോദി നിലപാട് മാറ്റുന്നതിന് പിന്നിൽ രഹസ്യധാരണയല്ലാതെ വേറെ കാരണങ്ങളില്ല.. സിദ്ധരാമയ്യ പറയുന്നു. അവരവർക്ക് സ്വാധീനമുളള മണ്ഡലങ്ങളിൽ പരസ്പരം സഹായിക്കാനാണ് ജെഡിഎസ് ബിജെപി ധാരണയെന്നാണ് സിദ്ധരാമയ്യ പറയുന്നത്.