കഴിഞ്ഞ ദിവസം കർണ്ണാടക സർക്കാർ 24 മണിക്കൂറിനകം താഴെ വീഴുമെന്ന് ബി ജെ പി നേതാവ് ഉമേഷ് കട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പിയെ വിമർശിച്ച് മന്ത്രി രംഗത്തെത്തിയത്. 

ബെംഗളൂരു: ബി ജെ പിക്കെതിരെ രൂക്ഷ വിമർശനവുമായി കർണ്ണാടകയിലെ മന്ത്രിയും ജെ ഡി എസ് നേതാവുമായ ഡി സി തമ്മണ്ണ. തെരുവ് നായ്ക്കളോട് ഉപമിച്ചാണ് തമ്മണ്ണ ബി ജെപിക്കെതിരെ രംഗത്തെത്തിയത്. നായ്ക്കൾ ഭഷണത്തിനായി കാത്തിരിക്കുന്നത് പോലെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാര്‍ താഴേ വീഴുമോയെന്ന് ബി ജെ പി നേതാക്കൾ കാത്തിരിക്കുന്നതെന്ന് തമ്മണ്ണ പരിഹസിച്ചു. മൈസൂരിലെ മദ്ദൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ദിവസം കർണ്ണാടക സർക്കാർ 24 മണിക്കൂറിനകം താഴെ വീഴുമെന്ന് ബി ജെ പി നേതാവ് ഉമേഷ് കട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി ജെ പിയെ വിമർശിച്ച് മന്ത്രി രംഗത്തെത്തിയത്. ഒരിക്കൽ മുൻ മുഖ്യമന്ത്രി ജെ എച്ച് പട്ടേല്‍ നിയമസഭയിൽ അവതരിപ്പിച്ച കഥയെ കൂട്ടുപിടിച്ചാണ് തമണ്ണയുടെ പരിഹാസം. ആനയുടെയും നായയുടെയും കഥയാണത്. തെരുവിലൂടെ നടക്കുന്ന ആനയുടെ പിന്നാലെ ചില നായകളും നടക്കുന്നുണ്ട്. മുകളിൽ നിന്ന് എന്തോ സാധനം താഴേ വീഴുമെന്ന് നായകൾക്കറിയാം. എന്നാല്‍ ഏറെ ദൂരം നടന്നിട്ടും മുകളില്‍ നിന്ന് ഒന്നും വീണതും ഇല്ല നായ്ക്കള്‍ക്ക് ഒന്നും കഴിക്കാനും പറ്റിയില്ല. ഈ കഥ ചില ബി ജെ പികാർക്ക് ചേരുന്നതാണ്. സർക്കാർ ഇപ്പോൾ വീഴുമെന്ന് കാത്തിരിക്കുകയാണ് അവർ-മന്ത്രി പറഞ്ഞു.

ഉമേഷ് കട്ടിയെപ്പോലുള്ള നേതാക്കൾ സർക്കാർ ഇപ്പോൾ വീഴുമെന്ന് പറയാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെന്നും എന്നാൽ അവരുടെ ആഗ്രഹം നടക്കാൻ പോകുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഭരണപക്ഷത്തുള്ള 15എം എൽ എമാർ ബി ജെ പിയോട് കൂറ് പുലർത്തുന്നവരാണെന്നും അവർ പാർട്ടിയുമായി ചേർന്നാൽ സർക്കാരിനെ താഴേയിറക്കാൻ സാധിക്കുമെന്നുമാണ് ഉമേഷ് കട്ടി നേരത്തെ പറഞ്ഞത്. ഒരാഴ്ചക്കകം ബി ജെ പിയുടെ നേതൃത്വത്തിൽ സർക്കാർ ഉണ്ടാകുമെന്നും ഉമേഷ് പറഞ്ഞിരുന്നു.