ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി കൊച്ചിയിൽ ചേരുന്ന സംസ്ഥാന കൗൺസിലിലും സംസ്ഥാന കമ്മിറ്റിയിലും പങ്കെടുക്കും
തിരുവനന്തപുരം: മന്ത്രി മാത്യു ടി തോമസിനെതിരെ ജെഡിഎസിൽ പടയൊരുക്കം രൂക്ഷമാവുന്നു. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന കൗൺസിലിൽ മന്ത്രിയെ മാറ്റണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാനാണ് കെ.കൃഷ്ണൻകുട്ടി വിഭാഗത്തിന്‍റെ നീക്കം. മാത്യു ടി തോമസ്സും കെ.കൃഷ്ണൻകുട്ടിയും തമ്മിലെ പോരിൽ ഇതുവരെ നിഷ്പക്ഷനായിരുന്ന മൂന്നാമത്തെ എംഎൽഎ.യായ സികെ നാണു, കൃഷ്ണൻകുട്ടിക്കൊപ്പം നിലയുറപ്പിച്ചു. പാർട്ടിയുടെ മന്ത്രിയെ ചൊല്ലി സത്യപ്രതിജ്ഞാ സമയത്ത് തർക്കങ്ങളുണ്ടായിരുന്നു.
മന്ത്രിസ്ഥാനം വച്ചുമാറാൻ ദേശീയ നേതൃത്വം ഇടപെട്ട് ധാരണ ഉണ്ടാക്കിയിരുന്നുവെന്നാണ് കൃഷ്ണൻകുട്ടി വിഭാഗം പറയുന്നത്. ആദ്യത്തെ രണ്ട് വർഷം മാത്യു ടി തോമസും അവസാന മൂന്ന് വർഷം കൃഷ്ണൻകുട്ടിയും എന്നതായിരുന്നു ധാരണ. വച്ചുമാറൽ ഓർമ്മിപ്പിക്കുന്നതിനൊപ്പം മന്ത്രിയുടെ പ്രവർത്തനം പോരെന്ന പരാതിയും ഇവർക്കുണ്ട്. അതേസമയം മന്ത്രിസ്ഥാനം വച്ചുമാറുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ലെന്നാണ് മാത്യു ടി തോമസിനെ അനുകൂലിക്കുന്നവരുടെ വിശദീകരണം.
യോഗത്തിൽ എന്തൊക്ക ചർച്ച ചെയ്യുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് കെ.കൃഷ്ണൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തർക്കത്തിൽ ദേശീയ നേതൃത്വത്തിൻറെ നിലപാട് പ്രധാനമാണ്. ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി കൊച്ചിയിൽ ചേരുന്ന സംസ്ഥാന കൗൺസിലിലും സംസ്ഥാന കമ്മറ്റിയിലും പങ്കെടുക്കും. മന്ത്രിസ്ഥാനം പാർട്ടിക്കാര്യമെങ്കിലും മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഇപ്പോഴും കൂടുതൽ താല്പര്യം മാത്യു ടി തോമസിനോടാണ്.
