ദില്ലി: ശരത് യാദവിന്റെ രാജ്യസഭാ അംഗത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജെഡി യു, ഉപരാഷ്ട്രതി വെങ്കയ്യ നായിഡുവിന് കത്ത് നല്‍കി. ജെഡിയു നേതാക്കളായ ആര്‍സി പി സിംഗ്, എസ് കെ ഝാ എന്നിവരാണ് നായിഡുവിനെ കണ്ടത്. ശരത് യാദവ് തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണെന്ന് കത്തില്‍ പറയുന്നു. ബീഹാറില്‍ മഹാസഖ്യം ഉപേക്ഷിച്ച് ബിജെപിയുമായി കൂട്ടുകൂടിയ നിതീഷ് കുമാറിന്റെ നിലപാടിനെതിരെ ശരത് യാദവ് പരസ്യമായി രംഗത്ത് വന്നിരുന്നു. പാറ്റ്‌നയില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നടത്തിയ കണ്‍വെന്‍ഷനില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ചു കൊണ്ട് ശരത് യാദവ് പങ്കെടുത്തതും ഇപ്പോഴത്തെ നടപടിക്ക് കാരണമായി.